'അയ്യപ്പ സംഗമം ഇനിയില്ല, അയ്യപ്പന് പബ്ലിസിറ്റി വേണ്ട'; നിലപാട് വ്യക്തമാക്കി കെ ജയകുമാര്‍; ശബരിമലയില്‍ വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും ഭക്തജനസൗഹൃദവുമാക്കാന്‍ ലക്ഷ്യമിട്ട് വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അതുകൊണ്ടുതന്നെ ഇനി മുതല്‍ 'അയ്യപ്പ സംഗമം' ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും സേവനങ്ങളിലും വന്‍ മാറ്റങ്ങളാണ് പുതിയ തീരുമാനങ്ങളിലൂടെ ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ഭക്തര്‍ക്കായുള്ള താമസം സൗകര്യപ്രദമാക്കാന്‍ സന്നിധാനത്തെ മുറികളുടെ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ണ്ണമായും പരിഷ്‌കരിക്കും. സന്നിധാനത്തുള്ള 690 മുറികളില്‍ മുന്‍പ് 190 എണ്ണം മാത്രമാണ് ഓണ്‍ലൈന്‍ വഴി നല്‍കിയിരുന്നതെങ്കില്‍, വിശദമായ കണക്കെടുപ്പിന് ശേഷം ഇനി മുതല്‍ 550 മുറികള്‍ തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. എല്ലാ മുറികള്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതിനായി ഏര്‍പ്പെടുത്തിയിരുന്ന ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും, മുറിവാടക മുന്‍കൂറായി നല്‍കി വെറും 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി ഭക്തര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യാമെന്നും പ്രസിഡന്റ് അറിയിച്ചു. നിലവില്‍ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാല്‍ ഈ സീസണ്‍ മുതല്‍ അത് ഔട്ട്‌സോഴ്‌സ് ചെയ്യും. കൂടാതെ ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ള 56 മുറികള്‍ക്ക് പുറമെ ഹൈപ്പവര്‍ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികള്‍ കൂടി പുതുതായി നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്.
തീര്‍ത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും നിരീക്ഷണത്തിനുമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായം ബോര്‍ഡ് തേടും. നവംബര്‍ 1 മുതല്‍ 90 ദിവസത്തേക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എ ഐ (AI) ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്രൗഡ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്നും, ഭക്തര്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി. പടിപൂജയ്ക്കായി 2048 വര്‍ഷം വരെ ബുക്കിംഗ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഭക്തരുടെ കാത്തിരിപ്പ് കുറയ്ക്കാന്‍ വലിയ തീരുമാനമാണ് ബോര്‍ഡ് എടുത്തിട്ടുള്ളത്. തന്ത്രിയുടെ അനുമതിയോടെ, നിലവിലുള്ള ഒരു പടിപൂജയ്ക്ക് പകരം ഒരു ദിവസം അഞ്ച് പടിപൂജകള്‍ വീതം നടത്താന്‍ തീരുമാനിച്ചു.
തീര്‍ത്ഥാടകരുടെ ക്ഷേമവും സന്നിധാനത്തെ ശുചിത്വവും ഉറപ്പാക്കാനുള്ള വിപുലമായ പദ്ധതികളും ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. തീര്‍ത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങള്‍ക്ക് വെര്‍ച്വല്‍ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടില്‍ നിന്ന് 1 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് സഹായം നല്‍കും. ഈ സീസണ്‍ മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി എല്‍ഐസിയുമായി ചര്‍ച്ചകള്‍ നടത്തും. കര്‍ക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീന്‍ കേരള കമ്പനിയുമായി കരാറിലേര്‍പ്പെടും. അന്നദാനത്തിന് ഇനി മുതല്‍ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയില്‍ ഭക്തര്‍ക്ക് കേരള സദ്യ നല്‍കുമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.