രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി പിണറായിക്കെതിരെ കണ്ണൂര്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം; ഭരണം പോയതോടെ പിണറായിക്ക് പിടി അയയുന്നു
വിഴിഞ്ഞം തുറമുഖ അഴിമതി ആരോപണങ്ങളെച്ചൊല്ലി കണ്ണൂർ സിപിഎം ലോബിയിൽ ഭിന്നസ്വരം മൂർച്ഛിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് പിണറായി വിജയന്റെ രാഷ്ട്രീയ നിലപാടുകളെയും ആധിപത്യത്തെയും കണ്ണൂരിൽ നിന്നുള്ള പാർട്ടി നേതൃത്വം പരസ്യമായി ചോദ്യം ചെയ്യുന്നത്. പിണറായിയെ ചോദ്യം ചെയ്യാനുള്ള കെൽപ്പ് കണ്ണൂരിലെ മറ്റ് മുതിർന്ന നേതാക്കൾ കൈവരിച്ചിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി മാറുകയാണ് വിഴിഞ്ഞം വിഷയത്തിലെ ഈ ചേരിതിരിവ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തെ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ അതിനെ പരസ്യമായി തള്ളിപ്പറഞ്ഞു. "സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയെ എന്തിനാണ് വെറുതെ വിവാദത്തിലാക്കുന്നത്?" എന്ന മറുചോദ്യമാണ് ഇ.പി ഉയർത്തിയത്. താൻ പിണറായി-ഗോവിന്ദൻ സഖ്യത്തിനൊപ്പമില്ലെന്ന് പറയാതെ പറയുകയാണ് ഇ.പി. ജയരാജൻ ഇതിലൂടെ ചെയ്യുന്നത്.
മറ്റ് മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും വിഴിഞ്ഞം വിഷയത്തിൽ കെ.കെ. രാഗേഷിന്റെ നിലപാടിനെതിരെയാണ് രംഗത്തുവന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയെ മാറ്റിയതിൽ വൻ അഴിമതിയും ദുരൂഹതയും കെ.കെ. രാഗേഷ് ആരോപിച്ചപ്പോൾ, അതിൽ യാതൊരു ദുരൂഹതയുമില്ലെന്ന് പി.കെ. ശ്രീമതി തുറന്നടിച്ചു. രാഗേഷ് ഉന്നയിച്ച വാദങ്ങൾ രാഗേഷ് തന്നെ തെളിയിക്കട്ടെ എന്ന കടുത്ത നിലപാടിലാണ് ശ്രീമതി.
ഫലത്തിൽ കണ്ണൂർ പാർട്ടിയിൽ പതിവില്ലാത്ത വിധം കടുത്ത അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ പ്രകടമാകുന്നത്. പാർട്ടിയിലെ പിണറായി വിജയൻ എന്ന വൻമരത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങുകയാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഇപ്പോൾ ഉയർത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ഭരണം നഷ്ടമായതിനാൽ, നേതാക്കളെ അച്ചടക്കത്തിന്റെ വാളുയർത്തി പേടിപ്പിക്കാൻ ഇനി ഔദ്യോഗിക നേതൃത്വത്തിന് സാധിക്കില്ല. പുതിയ ഭരണപക്ഷത്തിനെതിരെ സിപിഎമ്മിന് ഒറ്റക്കെട്ടായ ഒരു നിലപാടില്ലെന്ന് നേതാക്കളുടെ ഈ പലതട്ടിലുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ഇതിന് മുൻപ് തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് എം.വി. ജയരാജനും എം.വി. ഗോവിന്ദനും വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.