എൽഡിഎഫിന്റെ 'ബി ടീം' ആയി ഡിവൈഎഫ്ഐ മാറി; കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം
പാലായിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം. കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് സർക്കാരിന്റെ വെറുമൊരു 'ബി ടീം' മാത്രമായി ഡിവൈഎഫ്ഐ മാറിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന കുറ്റപ്പെടുത്തൽ. ജനകീയ പ്രശ്നങ്ങളിലും സമരങ്ങൾ ഏറ്റെടുക്കുന്നതിലും സംഘടനയ്ക്ക് വലിയ രീതിയിലുള്ള വീഴ്ച സംഭവിച്ചതായി പ്രതിനിധികൾ തുറന്നടിച്ചു.
സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ചില മുതിർന്ന നേതാക്കളുടെ പെരുമാറ്റ ശൈലി ജനങ്ങളിൽ വലിയ അകൽച്ച ഉണ്ടാക്കിയിട്ടുണ്ട്. നിർഭാഗ്യവശാൽ, ഈ തെറ്റായ ശൈലി തന്നെയാണ് പുതിയ തലമുറയിലെ യുവനേതാക്കളും അനുകരിക്കാൻ ശ്രമിക്കുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ഇത് സംഘടനയുടെ ജനകീയ മുഖത്തിന് കോട്ടം വരുത്തുന്നു എന്ന വിലയിരുത്തലാണ് സമ്മേളനത്തിൽ ഉണ്ടായത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസിൽ നിന്നുണ്ടാകുന്ന മോശം സമീപനം ഡിവൈഎഫ്ഐ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്ന വിമർശനവും ശക്തമായി ഉയർന്നു. സാധാരണക്കാർക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകളിൽ ഇടപെടുന്നതിൽ പാർട്ടി പ്രവർത്തകർക്ക് വലിയ പരിമിതികളാണ് നിലവിലുള്ളത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്താകെ സംഘടനാ തലത്തിൽ ഡിവൈഎഫ്ഐ വലിയ പിന്നോട്ട് പോക്ക് നേരിടുന്നുണ്ടെന്ന കടുത്ത സ്വയംവിമർശനത്തോടെയാണ് കോട്ടയം ജില്ലാ സമ്മേളനത്തിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.