Logo
Fri, Jul 10, 2026 • 11:15 AM
LIVE TV
Watch

No business videos available

No Middle East videos available

തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ പുകച്ചില്‍; വിഴിഞ്ഞം വിഷയത്തില്‍ പിണറായിയും ഗോവിന്ദനും ഒരുവശത്ത്, തള്ളിപ്പറഞ്ഞ് ഇ.പിയും ശൈലജയും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 10, 2026
1 min read
SHARE:
SAVE: Login to save

തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ പുകച്ചില്‍; വിഴിഞ്ഞം വിഷയത്തില്‍ പിണറായിയും ഗോവിന്ദനും ഒരുവശത്ത്, തള്ളിപ്പറഞ്ഞ് ഇ.പിയും ശൈലജയും

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ സിപിഎം നേതൃത്വത്തിൽ ഭിന്നത മൂർച്ഛിക്കുന്നു. വിമതരെ പാർട്ടിയിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ, വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിലും പാർട്ടിയിൽ ഭിന്നസ്വരം പരസ്യമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഓഹരിക്കൈമാറ്റത്തിൽ ദുരൂഹത ആരോപിക്കുമ്പോൾ, ഈ വിവാദം അനാവശ്യമാണെന്ന നിലപാടിലാണ് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ തന്നെ പരസ്പരം തള്ളിപ്പറയുന്നത് പിണറായിക്കും ഗോവിന്ദനുമെതിരെ പാർട്ടിയിൽ പുതിയൊരു ചേരി രൂപപ്പെടുന്നുവെന്ന സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.

എംഎസ്‍സി– അദാനി ഓഹരിക്കൈമാറ്റത്തിലൂടെ വിഴിഞ്ഞം തുറമുഖത്ത് കുത്തകവൽക്കരണമുണ്ടാകുമെന്നും സംസ്ഥാന താൽപര്യം ബലികഴിക്കപ്പെടുമെന്നുമാണ് പിണറായി വിജയൻ ആരോപിക്കുന്നത്. എം.വി. ഗോവിന്ദൻ, തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ എന്നിവരും ഈ ആരോപണം ഏറ്റുപിടിച്ചു. ഇതിനിടയിലാണ് വിഴിഞ്ഞം തുറമുഖ (വിസിൽ) എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതിനെച്ചൊല്ലി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അദാനി– സർക്കാർ ഡീൽ ആരോപണവുമായി രംഗത്തെത്തിയത്. രാഗേഷിനെ പാർട്ടി സെക്രട്ടറി പിന്തുണച്ചെങ്കിലും, സർക്കാരിന്റെ ഭാഗമായ ഒരുദ്യോഗസ്ഥയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം പാർട്ടി പരസ്യമായി ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പല നേതാക്കൾക്കുമുണ്ട്. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ ഈ ആരോപണത്തെ പരസ്യമായി തള്ളുകയും ചെയ്തു.

പിണറായി വിജയൻ / എം.വി. ഗോവിന്ദൻ പക്ഷം: "വിഴിഞ്ഞം തുറമുഖ ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വി.ഡി. സതീശൻ തിരഞ്ഞെടുപ്പിനു മുൻപുതന്നെ പലരുമായി ചർച്ച നടത്തിയിരുന്നു. സതീശൻ സർക്കാർ അധികാരത്തിൽ വന്നാൽ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഓഹരി കൈമാറാമെന്നു കമ്പനിക്ക് ഉറപ്പു ലഭിച്ചിരുന്നു."

ഇ.പി. ജയരാജൻ: "വിഴിഞ്ഞത്തെ വിവാദം അനാവശ്യമാണ്. അഴിമതിയാരോപണം ഉന്നയിക്കാൻ ഞാനില്ല. ആരോപണം ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ."

കെ.കെ. ശൈലജ: "വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്നു ദിവ്യ എസ്. അയ്യരെ മാറ്റിയതു വിവാദവിഷയമാക്കേണ്ട കാര്യമില്ല. സർക്കാരുകൾ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഉദ്യോഗസ്ഥർ മാറും."

തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളെക്കുറിച്ച് താഴെത്തട്ടിൽ നിന്നുയർന്ന അസംതൃപ്തി സംസ്ഥാന നേതൃത്വം വേണ്ടത്ര ഉൾക്കൊള്ളുകയോ തിരുത്തലുകൾ വരുത്തുകയോ ചെയ്തില്ലെന്ന വിലയിരുത്തലുണ്ട്. അണികളുടെ ഈ അതൃപ്തി മറികടക്കാനാണ് വിഴിഞ്ഞം വിഷയത്തിൽ പുതിയ സർക്കാരിനെ തുടക്കത്തിൽ തന്നെ കടന്നാക്രമിക്കാൻ നേതൃത്വം തീരുമാനിച്ചത്. എന്നാൽ, 'പിഎം ശ്രീ' പദ്ധതിയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെന്ന പോലെ, വിഴിഞ്ഞം വിഷയത്തിലും ഭൂതകാല നിലപാടുകൾ സിപിഎമ്മിന് തിരിച്ചടിയാവുകയാണ്. ഓഹരിക്കൈമാറ്റ ചർച്ചകൾ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചതും, പാർട്ടി മുഖപത്രത്തിന് ഈ വിഷയത്തിലുണ്ടായ ജാഗ്രതക്കുറവും നിലവിൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10