"മുന്നറിയിപ്പ് അവഗണിച്ചു, യുഡിഎഫിനെ വികസനവിരോധികളാക്കി"; തുരങ്കപാത നിർമ്മാണത്തിൽ എൽഡിഎഫിനെതിരെ എം.എം. ഹസൻ
ഒരു സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ എന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ആവശ്യപ്പെട്ടു. അടുത്തിടെ വലിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായ തുരങ്കപാത പ്രദേശം അതീവ പരിസ്ഥിതി ദുർബല മേഖലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രദേശത്ത് മണ്ണിടിച്ചിലിന് വലിയ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തുരങ്കപാത നിർമ്മാണവുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയത്. കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ഈ പദ്ധതി നടപ്പിലാക്കരുതെന്ന് ഇതിന്റെ ആരംഭഘട്ടത്തിൽ തന്നെ അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച സർക്കാർ, യുഡിഎഫിനെ വികസനവിരോധികളായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് എം.എം. ഹസൻ ആരോപിച്ചു.
തുരങ്കപാത നിർമ്മാണം നടക്കുന്ന പ്രദേശം പരിസ്ഥിതിലോല മേഖലയിലല്ലെന്ന് കാണിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ദുരൂഹമായ റിപ്പോർട്ടിന് സംസ്ഥാനതല വിദഗ്ധ വിലയിരുത്തൽ സമിതി അനുമതി നൽകിയതിൽ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്. പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത് തെറ്റായ റിപ്പോർട്ടാണെന്നും ഹസൻ തുറന്നടിച്ചു.
തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കുന്നതിലും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലും വലിയ വീഴ്ച വരുത്തിയ നിർമ്മാണ കമ്പനിക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. അതോടൊപ്പം, ഇവിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തരമായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാവിധ പിന്തുണയും ലഭ്യമാക്കണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.