ഗായിക റിമി ടോമി വിവാഹിതയാകുന്നു എന്ന സന്തോഷവാർത്ത പുറത്തുവന്നതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി താരം രംഗത്ത്. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് റിമി വിവാഹം കഴിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഏറെ നാളായുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. നവംബർ 14-ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹം.
വ്യക്തിപരമായ കാര്യങ്ങൾ താൻ തന്നെ ആരാധകരെ അറിയിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് നേരിട്ട് വന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും റിമി ടോമി പറഞ്ഞു. ബോഡി ബിൽഡറും മലയാളിയുമായ ലിബിൻ മാത്യുവാണ് വരൻ. മർച്ചിലാണ് ഇരുവരും ആദ്യമായി കണ്ടതെങ്കിലും, നേരിട്ട് കാണുന്നതിന് മുൻപ് തന്നെ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നുവെന്ന് താരം വ്യക്തമാക്കി. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർത്ഥിച്ച സമയത്താണ് ഇരുവരും ഒന്നിച്ചതെന്നും റിമി കൂട്ടിച്ചേർത്തു.
ലിബിനോടൊപ്പം നിൽക്കുമ്പോൾ വലിയൊരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയുമാണ് ലഭിക്കുന്നത്. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ട്. വിവാഹശേഷം താൻ കൂടുതൽ സമയവും മുംബൈയിലായിരിക്കും. എല്ലാവരെയും വിവാഹത്തിന് വിളിച്ചതായി കണക്കാക്കണമെന്നും റിമി ടോമി തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.
റിമി ടോമി വിവാഹിതയാകുന്നു; വരൻ ജിം ട്രെയിനർ ലിബിൻ മാത്യു