പ്രമുഖ ഹിന്ദി ടെലിവിഷൻ താരം അനൂജ് ഠാക്കൂർ (33) അന്തരിച്ചു. ഒക്ടോബർ 27-ന് മുംബൈ ഓഷിവാരയിലെ വസതിയിൽ ഉറക്കത്തിനിടെയുണ്ടായ അപസ്മാരബാധയെ തുടർന്നായിരുന്നു അന്ത്യം. നടന്റെ സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ മരണവാർത്ത പുറത്തുവിട്ടത്.
വർഷങ്ങൾക്ക് മുമ്പും അനൂജിന് അപസ്മാരബാധയുണ്ടായിട്ടുണ്ടെന്നും അതിനായി മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി. സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ ഉടനടി വൈദ്യസഹായം എത്തിക്കാൻ സാധിച്ചില്ല. പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിദ്വാറിൽ സംസ്‌കരിച്ചു.
'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാത് ജന്മോം കാ', 'ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ', 'മഹിസാഗർ' തുടങ്ങിയ നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ താരമാണ് അനൂജ് ഠാക്കൂർ. നടന്റെ അപ്രതീക്ഷിത വേർപാടിൽ ടെലിവിഷൻ ലോകത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു