ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുറസു' ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയോടെ കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ആന്ധ്രാപ്രദേശിലെ ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യത. കരതൊടുമ്പോൾ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റിന് പുറമെ തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായും, മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക-തെക്കൻ മഹാരാഷ്ട്ര തീരത്തോടും ചേർന്ന് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇവയും സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
'മുറസു' ചുഴലിക്കാറ്റ് ചൊവ്വാഴ്ച കരതൊടും; കേരളത്തിൽ വീണ്ടും ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്