മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളിൽ ഒന്നായ 'കല്യാണരാമൻ' 24 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ-റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 'ഉണ്ണി' എന്ന കഥാപാത്രത്തിന്റെ പ്രത്യേക സർപ്രൈസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദിലീപ് നായകനായ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഏറെ പ്രിയപ്പെട്ടതാണ്.
2002-ൽ റിലീസ് ചെയ്ത ഈ ചിത്രം ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി. നായരമ്പലമാണ് തിരക്കഥയൊരുക്കിയത്. ലാൽ ക്രിയേഷൻസ് നിർമ്മിച്ച ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക. രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും അച്ചുതൻ നായരുമെല്ലാം ചേർത്തുവെച്ച തമാശക്കൂട്ടുകൾ ഇന്നും മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവം തന്നെയാണ്.
സമീപകാലത്ത് തരംഗമായ നിരവധി വിജയ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾ നിർവ്വഹിച്ച ഹൈ സ്റ്റുഡിയോസാണ് കല്യാണരാമനും പുത്തൻ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളോടെ വലിയ സ്ക്രീനിലേക്ക് തിരികെയെത്തിക്കുന്നത്. ചിരിയുടെ വസന്തം സമ്മാനിച്ച ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. (പി.ആർ.ഓ: പി.ശിവപ്രസാദ്).
"അമ്പട ഉണ്ണീ..."; കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി 'കല്യാണരാമൻ' ടീം, റീ-റിലീസ് ഉടൻ