സിനിമയിൽ കെട്ടുറപ്പും പുതുമയും നൽകുന്ന കഥയ്ക്കാണ് പ്രാധാന്യമെന്ന് തെളിയിച്ചുകൊണ്ട് പുതിയ മലയാളം പോലീസ് ത്രില്ലർ ചിത്രമായ 'ടാരന്റിനോ'യ്ക്ക് തുടക്കമായി. കേരളപ്പിറവി ദിനമായ ഇന്ന് ചേർത്തല പള്ളിപ്പുറം കടവൻ ഹൗസിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തിരിതെളിഞ്ഞത്. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിൻ സി. ജോൺസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിഡിൽ ഈസ്റ്റിലെ പ്രമുഖ ചലച്ചിത്ര കമ്പനിയായ പ്ലോട്ട് പിക്ച്ചേഴ്സും 'സംഭവം അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നല്ല സിനിമയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഭദ്രദീപം തെളിയിക്കൽ ചടങ്ങിന് ശേഷം പട്ടണം റഷീദ് സ്വിച്ചോൺ കർമ്മവും പ്ലോട്ട് പിക്ച്ചേഴ്സ് ദുബായിയുടെ പ്രതിനിധിയായ പ്രതീഷാ ഷാ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു.
രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി, നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി. ജോൺ, ഓർഹാൻ, ആദിശേഷൻ, ഫഹദ് സിദ്ദീഖ് എന്നിവർക്കൊപ്പം വിനീത് കുമാറും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. എസ്. ജയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗോഡ്‌വിൻ തോമസ് (സംഗീതം), പ്രകാശ് വേലായുധൻ/രാണ (ഛായാഗ്രഹണം), അർജുൻ പ്രകാശ് (എഡിറ്റിംഗ്), മഹേഷ് ശ്രീധർ (കലാസംവിധാനം), പട്ടണം റഷീദ് (മേക്കപ്പ്), ബ്യൂസി ബേബി ജോൺ (കോസ്റ്റ്യൂം ഡിസൈൻ) തുടങ്ങിയ പ്രമുഖരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.