സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺ റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹസത്കാരത്തിനുള്ള ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ബറോക്ക് വാസ്തുശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഐവറി, നീല നിറങ്ങളിൽ ഡിസൈൻ ചെയ്ത ക്ഷണക്കത്തിന്റെ ചിത്രങ്ങൾ ഡിസൈനർ രഞ്ജനി അയ്യങ്കാറാണ് പങ്കുവെച്ചത്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യയും തമിഴ് സിനിമയിലെ മുൻനിര സംഗീതസംവിധായകനായ അനിരുദ്ധും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നവംബറിൽ ഗ്രീസിൽ വെച്ചായിരിക്കും ഇവരുടെ വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിവാഹ തീയതിയും വേദിയും സംബന്ധിച്ച് അനിരുദ്ധും കാവ്യയും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വിവാഹത്തിന് ശേഷമുള്ള ഗ്രാന്റ് സത്കാരം (റിസപ്ഷൻ) നവംബർ 21-ന് ചെന്നൈയിൽ വെച്ചാണ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർക്ക് പുറമേ, അനിരുദ്ധിന്റെ അമ്മാവനായ സൂപ്പർതാരം രജനികാന്ത്, എ.ആർ. റഹ്‌മാൻ, ശിവകാർത്തികേയൻ, അജിത് കുമാർ, നെൽസൺ ദിലീപ്കുമാർ, അല്ലു അർജുൻ എന്നിവരടക്കം സിനിമാ-കായിക രംഗത്തെ പ്രമുഖരും ചെന്നൈയിലെ ചടങ്ങിൽ പങ്കെടുക്കും.
വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - കാവ്യ മാരൻ വിവാഹസത്കാരം നവംബർ 21-ന് ചെന്നൈയിൽ