നാല് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെ സാധാരണ സീറ്റിലിരുന്ന് ആരാധകരോടൊപ്പം സിനിമ കണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത റെക്കോര്‍ഡ് ഹിറ്റ് ചിത്രം 'ജയിലര്‍ 2' ആസ്വദിക്കാനാണ് ചെന്നൈ ഫീനിക്‌സ് മാളിലെ തിയേറ്ററിലേക്ക് യാതൊരു താരപരിവേഷവുമില്ലാതെ തലൈവര്‍ നേരിട്ടെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ബഹളങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ എത്തിയ താരം ആരാധകരെ അദ്ഭുതപ്പെടുത്തി. സംഗീത മാന്ത്രികന്‍ അനിരുദ്ധും, രജനിയുടെ കൊച്ചുമക്കളായ ലിംഗ, യാത്ര എന്നിവരും ഈ സ്‌പെഷ്യല്‍ ഷോയ്‌ക്കൊപ്പം ഒപ്പമുണ്ടായിരുന്നു. തിയേറ്ററിലെത്തിയ പ്രിയതാരത്തിന് ആരാധകര്‍ ആവേശത്തോടെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സണ്‍ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എങ്ങും ഇപ്പോള്‍ ഈ വീഡിയോയാണ് തരംഗം.
നെല്‍സണിന്റെ സംവിധാന മികവില്‍ ഒരുങ്ങിയ ചിത്രം ബോക്‌സോഫീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ്. റിലീസ് ചെയ്ത് ഒമ്പതാം ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 14.50 കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയതോടെ ചിത്രം 350 കോടി ക്ലബ്ബിനോട് അടുത്തിരിക്കുകയാണ്. ഒമ്പത് ദിവസങ്ങള്‍ കൊണ്ട് ചിത്രം ഇന്ത്യയില്‍ ആകെ 348.85 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആകെ കളക്ഷന്‍ 628.05 കോടി രൂപയിലെത്തി നില്‍ക്കുന്നു.
കലാനിധി മാരന്‍ നിര്‍മ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രജനികാന്തിനൊപ്പം വന്‍താരനിരയാണ് അണിനിരന്നിരിക്കുന്നത്. രമ്യാ കൃഷ്ണന്‍, യോഗി ബാബു, മിര്‍ണ തുടങ്ങിയവര്‍ക്കൊപ്പം എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, വിദ്യ ബാലന്‍, മലയാളി താരം സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിലുണ്ട്. ഒപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ മാസ് കാമിയോ വേഷങ്ങളും തിയേറ്ററുകളില്‍ വലിയ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് , 'ജയിലര്‍2' വന്‍ കുതിപ്പിലേക്ക്