മെഗാ പവര്‍ സ്റ്റാര്‍ രാം ചരണും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സുകുമാറും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ഹൈദരാബാദില്‍ പൂജാ ചടങ്ങുകളോടെ തുടക്കമായി. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, ടി-സീരീസ് എന്നിവയുടെ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുഹൂര്‍ത്ത ചടങ്ങില്‍ തെലുങ്ക് സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മുഹൂര്‍ത്ത ഷോട്ടിന് ചിരഞ്ജീവി ക്ലാപ്പടിക്കുകയും ദില്‍ രാജുവിനൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ കൈമാറുകയും ചെയ്തു. ടി-സീരീസിന്റെ ഭൂഷണ്‍ കുമാര്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. ചടങ്ങില്‍ സന്നിഹിതരായ സംവിധായകരാണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്. 'ആര്‍സി 17' എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം, നവീന്‍ യേര്‍നേനി, വൈ. രവി ശങ്കര്‍, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
രാം ചരണും സുകുമാറും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഇരുവരും ഒന്നിച്ച മുന്‍ചിത്രമായ 'രംഗസ്ഥലം' തെലുങ്ക് സിനിമയിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി മാറിയിരുന്നു. കഥ, അഭിനയം, സാങ്കേതിക മികവ് എന്നിവകൊണ്ട് നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സിനിമാലോകത്ത് ഉയരുന്നത്.
ചിത്രത്തിനായി രാം ചരണ്‍ പൂര്‍ണമായും പുതിയൊരു രൂപമാറ്റത്തിന് ഒരുങ്ങുകയാണ്. താരത്തെ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പില്‍ സുകുമാര്‍ അവതരിപ്പിക്കുമെന്നാണ് സൂചന. വലിയ ക്യാന്‍വാസില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഈ പ്രോജക്ട് മറ്റൊരു ശ്രദ്ധേയമായ സിനിമാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നീല, പച്ച, സ്വര്‍ണ നിറങ്ങളിലുള്ള മയില്‍പ്പീലി പശ്ചാത്തലത്തില്‍ രാം ചരണിന്റെ മുഖം കലാപരമായി ഉള്‍പ്പെടുത്തിയതാണ് പോസ്റ്ററിന്റെ പ്രത്യേകത. വ്യത്യസ്തമായ ചിത്രീകരണശൈലിയും വെള്ള പശ്ചാത്തലവും പോസ്റ്ററിന് വേറിട്ട ദൃശ്യഭംഗി നല്‍കുന്നു. 'യൂ ക്യാന്‍ ഇമാജിന്‍' എന്ന വാചകത്തോടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ പ്രഖ്യാപിക്കും.
രചന, സംവിധാനം: സുകുമാര്‍, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, ടി-സീരീസ്, നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി, വൈ. രവി ശങ്കര്‍, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷണ്‍ കുമാര്‍, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ, പി.ആര്‍.ഒ: ശബരി
'രംഗസ്ഥല'ത്തിന് ശേഷം വീണ്ടും ഒന്നിക്കാന്‍ രാം ചരണും സുകുമാറും; 'ആര്‍സി 17' പൂജാ ചടങ്ങുകളോടെ തുടങ്ങി