തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFK) അർദ്ധരാത്രിയിലെ അപൂർവ്വ പ്രദർശനങ്ങൾക്കായുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകുന്നു. പരമ്പരാഗത പ്രദർശന സമയങ്ങളിൽ നിന്ന് മാറി, 31-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയെ മുഴുവൻ സമയ അനുഭവമാക്കി മാറ്റാൻ ഒരുങ്ങുകയാണ് സംഘാടകർ. ഈ വർഷം മുതൽ ഉദ്ഘാടന, സമാപന ദിവസങ്ങൾ ഒഴികെയുള്ള ആറു ദിവസങ്ങളിൽ മേളയുടെ ഒന്നിലധികം വേദികളിൽ രാപകലില്ലാതെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചിരിക്കുന്നതെന്ന് ചെയർമാൻ രവീന്ദ്രൻ അറിയിച്ചു.
മുതിർന്ന പൗരന്മാർ, ജോലിക്ക് പോകുന്നവർ, യുവാക്കൾ എന്നിവരുടെ സൗകര്യം മുൻനിർത്തിയും പകൽ സമയത്തെ തിരക്ക് കുറയ്ക്കുന്നതിനുമാണ് പ്രദർശന സമയം നീട്ടുന്നത്. സിനിമ വെറുതെ കാണുന്നതിലുപരി അത് അനുഭവിക്കാനാണ് ഡെലിഗേറ്റുകൾ എത്തുന്നതെന്നും, ഏതു സമയത്തും സിനിമ കാണാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്നും അക്കാദമി വ്യക്തമാക്കി. പ്രധാന വേദിയായ ടാഗോർ തിയേറ്റർ മുഴുവൻ സമയ ഉത്സവ കേന്ദ്രമായി മാറ്റും. കൂടാതെ, ദിവസവും ശരാശരി രണ്ട് ഷോകൾ കൂടി വർധിപ്പിക്കാനും രാവിലെ 7 മണിക്ക് തന്നെ പ്രദർശനങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
രാവിലെ 7 മണിയെന്ന സമയം മുതിർന്ന പൗരന്മാർക്ക് ഏറെ സൗകര്യപ്രദമായിരിക്കും. പ്രഭാത നടത്തത്തിന് ശേഷം തിയേറ്ററിലെത്തി സിനിമ കണ്ടു മടങ്ങാൻ സാധിക്കുന്ന 'മോർണിംഗ് വാക്കിനൊപ്പം സിനിമ' എന്ന ആശയമാണ് ഇതിലൂടെ മുൻപോട്ട് വെക്കുന്നത്. കൂടുതൽ ഷോകളും വലിയ ഓഡിറ്റോറിയങ്ങളും സജ്ജമാക്കുന്നതിലൂടെ ജനപ്രിയ സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തും. പോലീസിന്റെ അനുമതിയും സുരക്ഷയും കണക്കിലെടുത്ത് ഒരു പ്രധാന വേദി മുഴുവൻ സമയവും സജീവമാക്കാനാണ് തീരുമാനം. നിശാഗന്ധി ഉൾപ്പെടെയുള്ള മറ്റ് ചില പ്രധാന വേദികളിലും രാത്രി മുഴുവൻ പ്രദർശനം നടത്താൻ സാധിക്കുമോ എന്ന് പരിശോധിച്ചുവരികയാണ്.
രാത്രി വൈകിയുള്ള ഷോകൾ പ്രധാനമായും യുവജനങ്ങളെയും ജെൻ-സീ സിനിമാപ്രേമികളെയും കൂടുതൽ ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ ഐ.എഫ്.എഫ്.കെയുടെ 31-ാമത് പതിപ്പ് ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും.
ഇനി 24 മണിക്കൂറും സിനിമ, ഐ.എഫ്.എഫ്.കെയിൽ രാപ്പകൽ പ്രദർശനത്തിന് ഒരുങ്ങി ചലച്ചിത്ര അക്കാദമി