ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ മോട്ടോര്‍സൈക്കിളായ 'സ്പ്രിന്റ് 440' ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പ്രൊഡക്ഷന്‍ റെഡി പതിപ്പിന്റെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എക്‌സ്440 (X440) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്പ്രിന്റ് 440 നിർമ്മിച്ചിരിക്കുന്നതെങ്കിലും, ഇതിന് തികച്ചും വ്യത്യസ്തമായ രൂപകല്‍പ്പനയാണ് നൽകിയിട്ടുള്ളത്.
പരമ്പരാഗത ക്രൂയിസര്‍ ശൈലിയിലുള്ള നീളമേറിയതും താഴ്ന്നതുമായ രൂപഘടനയാണ് ഈ ബൈക്കിന്റെ പ്രധാന പ്രത്യേകത. ഉയര്‍ന്നുനില്‍ക്കുന്നതും പിന്നിലേക്ക് വളഞ്ഞതുമായ ഹാന്‍ഡില്‍ബാര്‍, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, കുഴിഞ്ഞിരിക്കുന്ന സിംഗിള്‍ പീസ് സീറ്റ്, ഒതുക്കമുള്ള റിയര്‍ ഫെന്‍ഡര്‍ എന്നിവ ഇതിന്റെ ലുക്ക് വർധിപ്പിക്കുന്നു. റൈഡര്‍ക്ക് കൂടുതൽ സുഖപ്രദമായി ഇരിക്കാൻ പാകത്തിലാണ് ഫൂട്ട്‌പെഗുകൾ മുന്നോട്ട് നീക്കി ക്രമീകരിച്ചിരിക്കുന്നത്.
എക്‌സ്440 ശ്രേണിയിലെ അതേ വട്ടത്തിലുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തന്നെയാണ് ഇതിലും നൽകിയിരിക്കുന്നത്. ഹാന്‍ഡില്‍ബാറിന്റെ നടുവിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. ബൈക്കിന്റെ പലഭാഗങ്ങളും കറുത്ത നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. 440 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതിന്റെ ഹൃദയം. എയർ-ഓയിൽ കൂളിങ് സംവിധാനമുള്ള ഈ എന്‍ജിന്‍ 27 ബിഎച്ച്പി കരുത്തും 38 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സിലാണ് ബൈക്ക് എത്തുന്നത്.
മുന്‍ മോഡലുകളെ പോലെ സ്പ്രിന്റ് 440-ഉം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ഹീറോ മോട്ടോ കോര്‍പ്പ് തന്നെയാണ്. വരുന്ന നവംബര്‍ 3-ന് മിലാനില്‍ നടക്കുന്ന ഇക്മ (EICMA) ഷോയില്‍ ഈ പുതിയ മോട്ടോർസൈക്കിൾ അതിന്റെ ആഗോള അരങ്ങേറ്റം കുറിക്കും.
ഹാർലി ഡേവിഡ്‌സണിന്റെ പുതിയ ക്രൂയിസർ 'സ്പ്രിന്റ് 440' ഈ വർഷം അവസാനം വിപണിയിലേക്ക്; ചിത്രങ്ങൾ പുറത്ത്