പതിമൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷ യാത്രാ നിരക്കുകൾ പരിഷ്കരിച്ച് വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ. പുതുക്കിയ നിരക്ക് പ്രകാരം ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായി ഉയർത്തി. ദീപാവലിക്ക് മുന്നോടിയായി നിരക്ക് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ നൽകിയ ഉറപ്പിന് പിന്നാലെയാണ് സർക്കാറിന്റെ ഈ നിർണായക തീരുമാനം. സംസ്ഥാനത്ത് അവസാനമായി ഓട്ടോക്കൂലി പരിഷ്കരിച്ചത് 2013-ലായിരുന്നു.
പുതിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിനാണ് 50 രൂപ മിനിമം ചാർജ് ഈടാക്കുക. അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം നൽകണം. ചുരം പാതകളിൽ (Hilly/Ghat roads) മിനിമം നിരക്ക് 60 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 30 രൂപയുമാണ്. കൂടാതെ വെയിറ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപയായി നിശ്ചയിച്ചിട്ടുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയുള്ള യാത്രകൾക്ക് സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി (1.5 times) ഈടാക്കാവുന്നതാണ്.
സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ 'വെട്രി പയനം' നടപ്പിലാക്കിയതിനെ തുടർന്ന് വരുമാനത്തിൽ ഇടിവുണ്ടായെന്ന് കാട്ടി ഓട്ടോ ഡ്രൈവർമാർ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ആദ്യ 1.5 കിലോമീറ്ററിന് 60 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 30 രൂപയുമാക്കണമെന്നും ഇന്ധന സബ്സിഡി അനുവദിക്കണമെന്നുമായിരുന്നു ഡ്രൈവർമാരുടെ പ്രധാന ആവശ്യം. നിലവിലെ നിരക്ക് വർധനയെ ഡ്രൈവർമാർ സ്വാഗതം ചെയ്തെങ്കിലും, 'വെട്രി പയനം' പദ്ധതി പുനഃക്രമീകരിക്കണമെന്നും ദീപാവലി ബോണസായി 5,000 രൂപ വീതം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ അവർ ഇപ്പോഴും മുന്നോട്ടുവെക്കുന്നുണ്ട്. 2013-ൽ മിനിമം നിരക്ക് 25 രൂപയും (1.8 കിലോമീറ്റർ) തുടർന്നുള്ള കിലോമീറ്ററിന് 12 രൂപയുമായിരുന്നു.
തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂപയാക്കി