ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ അൾട്രാവയലറ്റിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ 'ടെസരാകറ്റ്' അടുത്ത വർഷം ആദ്യ പാദത്തിൽ വിപണിയിലെത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറക്കിയ ഈ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യുദ്ധ ഹെലികോപ്റ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അഗ്രസീവ്, ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ തന്നെയാണ് വാഹനപ്രേമികളെ പ്രധാനമായും ആകർഷിച്ചത്. നിലവിൽ 70,000-ത്തിലധികം ബുക്കിംഗുകൾ നേടാൻ ടെസരാകറ്റിന് സാധിച്ചിട്ടുണ്ട്. ഷാർപ്പ് ലുക്കുള്ള ഏപ്രണും ട്വിൻ പ്രൊജക്ടർ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും ഫ്ലോട്ടിങ് എൽ.ഇ.ഡി ഡി.ആർ.എല്ലുകളും മാക്സി സ്കൂട്ടറുകൾക്ക് സമാനമായ വലിപ്പമുള്ള രൂപകൽപ്പനയും 14 ഇഞ്ച് അലോയ് വീലുകളും ഇതിന്റെ ഡിസൈൻ സവിശേഷതകളാണ്.
മികച്ച പെർഫോമൻസും വേഗതയേറിയ ചാർജിംഗുമാണ് ഈ സ്കൂട്ടറിന്റെ മറ്റൊരു പ്രധാന ആകർഷണം. 15 kW വരെ പീക്ക് പവർ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിൽ നൽകിയിരിക്കുന്നത്. വെറും 2.9 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 125 കിലോമീറ്ററാണ്. പുതിയ 100V ആർക്കിടെക്ചർ സാങ്കേതികവിദ്യ വഴി സൂപ്പർനോവ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം. സീറ്റിനടിയിൽ 34 ലിറ്റർ സ്റ്റോറേജ് സ്പേസും ലഭ്യമാക്കിയിട്ടുണ്ട്.
മൂന്ന് വ്യത്യസ്ത ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാകുന്ന വാഹനം ഒറ്റ ചാർജിൽ 261 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3.5 kWh, 5 kWh, 6 kWh എന്നിങ്ങനെയാണ് എൻട്രി ലെവൽ മുതൽ ടോപ്പ് വേരിയന്റുകൾ വരെയുള്ള ബാറ്ററി ശേഷി. സുരക്ഷക്കായി റഡാർ അധിഷ്ഠിത റൈഡർ അസിസ്റ്റൻസ് സിസ്റ്റം, ഡ്യുവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടിപ്പിൾ ലെവൽ റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, മുന്നിലും പിന്നിലും കൂട്ടിയിടി മുന്നറിയിപ്പ്, ഓവർടേക്കിങ് അലർട്ടുകൾ, ലൈൻ ചേഞ്ച് അസിസ്റ്റൻസ് എന്നിവയും ലഭിക്കും. ഡാഷ് ക്യാമറകൾ, വയർലെസ് ചാർജിംഗ്, കീലെസ് ആക്സസ്, 7 ഇഞ്ച് ടി.എഫ്.ടി ടച്ച്സ്ക്രീൻ ഡിസ്പ്ലേ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ഇവി സ്കൂട്ടറിന് 1.30 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.
70,000 കടന്ന് ബുക്കിങ്, ഹെലികോപ്റ്റർ ഡിസൈൻ: അൾട്രാവയലറ്റ് ടെസരാകറ്റ് വിപണിയിലേക്ക്