വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള നിർദ്ദിഷ്ട ഫോമുകളിൽ സ്വന്തം നിലയ്ക്ക് മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരുവിധ അധികാരവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ വോട്ടർ പട്ടിക സമഗ്രമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണവെയാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടലുണ്ടായത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഫോം 6, 7, 8 എന്നിവ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട മാതൃകകളാണെന്നും അവയിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്താൻ കമ്മീഷന് സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ അടുത്ത കാലത്തൊന്നും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കാത്ത സാഹചര്യത്തിൽ അപേക്ഷ സമർപ്പിക്കാൻ ഒക്ടോബർ 30 എന്ന അവസാന തീയതി തിടുക്കപ്പെട്ട് നിശ്ചയിച്ചതിനെയും കോടതി ചോദ്യം ചെയ്തു.
മുമ്പ് വോട്ടർ പട്ടികയിൽ പേരുള്ളവരെ വീണ്ടും ഉൾപ്പെടുത്താനായി പുതിയ വോട്ടർമാർക്കുള്ള ഫോം 6 പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുന്നതിനെ കോടതി വിമർശിച്ചു. പട്ടികയിൽ പേര് പുനഃസ്ഥാപിക്കുന്നതിന് കർശനമായ ഒരു സമയപരിധി നിശ്ചയിക്കരുതെന്ന് കമ്മീഷനോട് നിർദ്ദേശിച്ച ബെഞ്ച്, വിവിധ കാരണങ്ങളാൽ വിവരശേഖരണ ഫോമുകൾ നൽകാൻ കഴിയാതെ പോയ വോട്ടർമാർക്കായി ലളിതമായ ബദൽ പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു. മുമ്പ് വോട്ടർ പട്ടികയിലുണ്ടായിരുന്ന ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രത്യേക സാഹചര്യം പരിഗണിക്കണമെന്നും, അല്ലാതെ പുതിയ വോട്ടർമാരുടെ പട്ടികയിൽ പെടുത്തി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, നിലവിലുള്ള വോട്ടർമാരെ ഫോം 6 വഴി സത്യപ്രസ്താവന നൽകാൻ നിർബന്ധിക്കുന്നത് അന്യായവും യുക്തിരഹിതവുമാണെന്ന് വാദിച്ചു.
വോട്ടർമാർ ഓഫീസുകളിൽ വന്ന് അപേക്ഷ നൽകുന്നത് കാത്തിരിക്കുകയല്ല, മറിച്ച് വോട്ടർമാരിലേക്ക് നേരിട്ട് എത്തിച്ചേരാനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഫോം 6, ഫോം 8 എന്നിവ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് തുടരണമെന്നും സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത ഏറ്റവും ലളിതമായ വഴി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ശക്തമായ നിരീക്ഷണങ്ങളെത്തുടർന്ന് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിനൽകാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
വോട്ടർ പട്ടിക ഫോമുകളിൽ മാറ്റം വരുത്താൻ കമ്മീഷന് അധികാരമില്ലെന്ന് സുപ്രീം കോടതി
വോട്ടർ പട്ടികയിലുണ്ടായിരുന്ന ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രത്യേക സാഹചര്യം പരിഗണിക്കണമെന്നും, അല്ലാതെ പുതിയ വോട്ടർമാരുടെ പട്ടികയിൽ പെടുത്തി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വ്യക്തമാക്കി. ഹർജിക്...