കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചരിത്രത്തിലാദ്യമായി എല്ലുപരിശോധനയിലൂടെ (Bone Test) പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് 400 മീറ്ററിൽ സ്വർണം നേടിയ കോരുത്തോട് സ്കൂളിലെ താരത്തിനെതിരെയാണ് നടപടി. പ്രായത്തട്ടിപ്പ് തെളിഞ്ഞതോടെ താരത്തെ അയോഗ്യനാക്കുകയും 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയ ഈ താരം വ്യാജ പ്രായരേഖ കാണിച്ചാണ് 14 വയസ്സിന് താഴെയുള്ളവരുടെ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ചത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയുടെ മെഡിക്കൽ റിപ്പോർട്ടിൽ താരത്തിന് 15 നും 18 നും ഇടയിൽ പ്രായമുണ്ടെന്ന് വ്യക്തമായി. ഇതോടെ താരത്തെ മേളയിലെ തുടർന്നുള്ള എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കി.
താരത്തിന് രണ്ട് ആധാർ കാർഡുകൾ ഉണ്ടെന്ന് ആരോപിച്ച് കോതമംഗലം മാർ ബേസിൽ, മാടക്കത്തറ ഐഡിയൽ എന്നീ സ്‌കൂളുകളാണ് പരാതി നൽകിയത്. 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിൽ മത്സരിച്ച താരം 400 മീറ്ററിൽ സ്വർണം നേടുകയും 100 മീറ്ററിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു. തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിൽ സർക്കാറിന്റെയും സംഘാടകരുടെയും വേഗത്തിലുള്ള നടപടിയെ മാർ ബേസിൽ സ്‌കൂളിലെ കായിക അധ്യാപിക ഷിബി മാത്യു സ്വാഗതം ചെയ്തു.
അതേസമയം, ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് എന്നീ ഇനങ്ങളിലും സമാനമായ രീതിയിൽ പ്രായത്തട്ടിപ്പ് സംശയങ്ങൾ ഉയർന്നിട്ടുണ്ട്. സംശയനിഴലിലുള്ള മറ്റ് കായികതാരങ്ങളുടെയും ബോൺ ടെസ്റ്റ് നടത്തി യഥാർത്ഥ പ്രായം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ആധാർ വ്യാജം, മെഡിക്കൽ റിപ്പോർട്ടിൽ കുടുങ്ങി: സ്കൂൾ കായികമേളയിലെ സ്വർണ്ണമെഡൽ ജേതാവിന് വിലക്ക്, പുതിയ വിജയിയെ പ്രഖ്യാപിച്ചു