ലാന്റ് റോവർ ഡിഫൻഡർ പ്രേമികൾക്ക് ആവേശം പകർന്ന് വാഹനത്തിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. പുണെയിലെ പ്ലാന്റിൽ ലാന്റ് റോവർ ഡിഫൻഡർ 110-ന്റെ പ്രാദേശിക അസംബ്ലിങ് (Local Assembly) ആരംഭിച്ചതോടെയാണ് എക്സ്-ഷോറൂം വിലയിൽ മോഡലുകൾക്കനുസരിച്ച് 34 ലക്ഷം രൂപയുടെ വരെ കുറവുണ്ടായിരിക്കുന്നത്. സ്ലൊവാക്യയിൽ നിന്നുള്ള സികെഡി (CKD) കിറ്റുകളാണ് പുണെ പ്ലാന്റിൽ കൂട്ടിയോജിപ്പിക്കുന്നത്. വാഹനത്തിന്റെ ഓൺലൈൻ, ഓഫ്ലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു; നവംബർ 15 മുതൽ വിതരണം ആരംഭിക്കും. അതേസമയം, ഒക്റ്റ, 5 ലിറ്റർ V8 പതിപ്പുകളും 90, 130 ബോഡി സ്റ്റൈലുകളും മുൻപത്തെപ്പോലെ വിദേശത്തുനിന്ന് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്നത് തുടരും.
വിലവിവരങ്ങളും എഞ്ചിൻ ഓപ്ഷനുകളും
ഡിഫൻഡർ 110-ന്റെ എക്സ്-ഡൈനാമിക് എച്ച്.എസ്.ഇ (X-Dynamic HSE) വകഭേദത്തിനാണ് പരമാവധി 34 ലക്ഷം രൂപയുടെ ഇളവ് ലഭിക്കുക. 350 HP 3 ലിറ്റർ ഡീസൽ, 400 HP 3 ലിറ്റർ പെട്രോൾ, 300 HP 2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുന്നത്. നേരത്തെ 1.52 കോടി രൂപയുണ്ടായിരുന്ന 3 ലിറ്റർ ഡീസൽ, 3 ലിറ്റർ ടർബോ പെട്രോൾ പതിപ്പുകൾക്ക് 34 ലക്ഷം കുറഞ്ഞ് 1.18 കോടി രൂപയായി. 2 ലിറ്റർ ടർബോ പെട്രോൾ വകഭേദത്തിന് 14 ലക്ഷം രൂപ കുറഞ്ഞ് 99 ലക്ഷം രൂപയ്ക്കാണ് നിലവിൽ ലഭ്യമാവുന്നത്.
അധികച്ചെലവില്ലാതെ കൂടുതൽ ഫീച്ചറുകൾ
വിലക്കുറവിനൊപ്പം നിരവധി പ്രീമിയം ഫീച്ചറുകളും വാഹനത്തിൽ സ്റ്റാൻഡേർഡായി കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റർ പതിപ്പിൽ 6.5 ലക്ഷം രൂപ വരെ മൂല്യമുള്ള അഡാപ്റ്റീവ് ഓഫ്റോഡ് ക്രൂസ് കൺട്രോൾ, എയർ സസ്പെൻഷൻ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, കൺസോൾ റഫ്രിജറേറ്റർ എന്നിവ ലഭിക്കും. 3.0 ലിറ്റർ പതിപ്പുകളിൽ 17 ലക്ഷം രൂപ വരെ മൂല്യമുള്ള 20 ഇഞ്ച് വീലുകൾ, ഇലക്ട്രോണിക് ആക്ടീവ് ഡിഫറൻഷ്യൽ, മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവയും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.