ഹോർമുസ് പ്രതിസന്ധിയിൽ കേരളത്തിന്റെ കയറ്റുമതി മേഖല സ്തംഭനത്തിൽ; കോടികളുടെ ചരക്കുകൾ കടലിൽ
മട്ടാഞ്ചേരി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മാസങ്ങൾക്ക് മുമ്പ് കേരളത്തിൽനിന്ന് കയറ്റിയയച്ച ചരക്കുകൾ പോലും ലക്ഷ്യസ്ഥാനത്ത് എത്താത്ത സാഹചര്യത്തിൽ പുതിയ ഉത്പന്നങ്ങൾ കയറ്റിയയക്കാനും കമ്പനികൾ മടിക്കുകയാണ്. ഓണം മുന്നിൽക്കണ്ട് ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ച ഉത്പന്നങ്ങളിൽ വലിയൊരു പങ്കും ഇപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല.
പച്ചക്കറികൾ ഉൾപ്പെടെയുള്ള കേടാകുന്ന ഉത്പന്നങ്ങളും ചരക്കുകൾക്കിടയിലുണ്ട്. ഇവയിൽ പലതും ഇനി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരമേഖലയിൽ നിന്നുള്ള വിവരം. ഇതോടെ വിദേശരാജ്യങ്ങളിലെ ഓണം വിപണിയെ ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ കയറ്റുമതി വ്യാപാരത്തിനും കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്.
ക്രിസ്മസ്-പുതുവത്സര വിപണിയെ ലക്ഷ്യമിട്ട് ഉത്പന്നങ്ങൾ കയറ്റിയയക്കേണ്ട സമയമായെങ്കിലും നിലവിലെ അനിശ്ചിതത്വം കമ്പനികളെ പിന്നോട്ടടിക്കുകയാണ്. കയറ്റുമതി വലിയ ‘സാഹസ’മായി മാറുന്ന സാഹചര്യത്തിൽ പല കമ്പനികളും പുതിയ ഓർഡറുകൾ സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്.
സമുദ്രോത്പന്ന വ്യവസായ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കോടികളുടെ കയറ്റുമതി നടക്കുന്ന മേഖലയിൽ ശേഖരിച്ചുവെച്ച സമുദ്രോത്പന്നങ്ങൾ കയറ്റിയയക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിന്റെ പ്രത്യാഘാതം കയറ്റുമതി കമ്പനികളെ മാത്രമല്ല, അവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു കണ്ടെയ്നർ അയക്കുന്നതിനുള്ള ലൈനർ ചാർജ് നേരത്തെ ഏകദേശം 700 ഡോളറായിരുന്നെങ്കിൽ ഇപ്പോൾ 1500 ഡോളർ വരെ ഉയർന്നതായി വ്യാപാരമേഖല പറയുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള നിരക്ക് ഇതിലും കൂടുതലാണ്.ഗൾഫ് രാജ്യങ്ങളിലേക്ക് സാധാരണയായി അഞ്ച് ദിവസത്തിനുള്ളിൽ എത്തിച്ചിരുന്ന ചരക്കുകൾ ഇപ്പോൾ ഒരു മാസം പിന്നിട്ടിട്ടും ലക്ഷ്യസ്ഥാനത്ത് എത്താത്ത സ്ഥിതിയുണ്ട്. പല കപ്പലുകൾക്കും ചരക്കുമായി മറ്റ് തുറമുഖങ്ങളിൽ കെട്ടിക്കിടക്കേണ്ടിവരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതുമൂലം കപ്പൽ ചാർജിലും വൻ വർധനയുണ്ടാകുമെന്നാണ് കയറ്റുമതിക്കാരുടെ ആശങ്ക.
ആയിരക്കണക്കിന് കണ്ടെയ്നറുകൾ വിവിധ കടൽമേഖലകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ പുതിയ ചരക്കുകൾ കയറ്റിയയക്കാൻ ആവശ്യമായ കാലി കണ്ടെയ്നറുകൾ ലഭ്യമല്ല. കയറ്റിയയച്ച ചരക്ക് ലക്ഷ്യസ്ഥാനത്തെത്തിച്ച് സ്വീകരിച്ചശേഷമാണ് കണ്ടെയ്നറുകൾ തിരിച്ചയക്കുന്നത്. നിലവിലെ തടസ്സം ഈ ചക്രത്തെയും താളം തെറ്റിച്ചിരിക്കുകയാണ്.
സമുദ്രോത്പന്ന വ്യവസായത്തിന് ആവശ്യമായ റഫ്രിജറേറ്റഡ് കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉത്പന്നങ്ങൾ കേടാകാതെ സൂക്ഷിക്കാനും കയറ്റിയയക്കാനും ആവശ്യമായ ശീതീകരണ സൗകര്യമുള്ള കണ്ടെയ്നറുകൾ പോലും ലഭിക്കാത്ത അവസ്ഥയാണ്. കേരളത്തിന്റെ കയറ്റുമതി മേഖലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടുന്ന ശൃംഖലയെ ഹോർമുസ് പ്രതിസന്ധി ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.