Logo
Tue, Aug 25, 2026 • 11:03 PM
LIVE TV
Watch

No business videos available

No Middle East videos available

കേരള ടൂറിസത്തിന് പുതിയ മുഖം; തുറമുഖങ്ങളും കായലുകളും നദികളും കോർത്തിണക്കി ഇന്റഗ്രേറ്റഡ് ടൂറിസം പദ്ധതി; മുഖ്യമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

കേരള ടൂറിസത്തിന് പുതിയ മുഖം; തുറമുഖങ്ങളും കായലുകളും നദികളും കോർത്തിണക്കി ഇന്റഗ്രേറ്റഡ് ടൂറിസം പദ്ധതി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങൾ, കായലുകൾ, നദികൾ എന്നിവ സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെർമിനലുകളും ക്രൂയിസ് ഷിപ്പുകളും, കായലുകളിലൂടെ റിവർ ക്രൂയിസുകളും സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ റോഡ്-റെയിൽ കണക്ടിവിറ്റി കൂടുതൽ ശക്തിപ്പെടുത്തും.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെ സംസ്ഥാനത്തിന്റെ വൈവിധ്യമാർന്ന കാഴ്ചകൾ ആസ്വദിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ടൂറിസം മേഖലയിൽനിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള ടൂറിസത്തിന് പുതിയ പദ്ധതികൾ
ലോകത്തിന് മുന്നിൽ കേരള ടൂറിസത്തെ കൂടുതൽ ആകർഷകമായി അവതരിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കും. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സീറോ വേസ്റ്റ് ഡെസ്റ്റിനേഷനുകളായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് പ്രധാന പരിഗണന. ബീച്ച് ടൂറിസം, റിവർ ടൂറിസം, ഫോറസ്റ്റ് ടൂറിസം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. കേരളത്തിന്റെ സമ്പന്നമായ മാരിടൈം ചരിത്രം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.

കേരളത്തെ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കും. കേരളത്തിന്റെ പാരമ്പര്യം, പ്രകൃതി, തനത് കലകൾ, സാംസ്കാരിക വൈവിധ്യം എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന സമഗ്രമായ ടൂറിസം പദ്ധതിയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണം വാരാഘോഷത്തിന് തുടക്കം
ഓഗസ്റ്റ് 30 വരെയാണ് സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം നടക്കുന്നത്. പരമ്പരാഗതവും തനിമയാർന്നതുമായ കേരളീയ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലാപ്രകടനങ്ങൾ, സംഗീത-ദൃശ്യവിരുന്നുകൾ, ആയോധനകലാ പ്രദർശനങ്ങൾ എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടും.മന്ത്രി പി.സി. വിഷ്ണുനാഥ് ആലപിച്ച ‘പൂവാലേ തുമ്പപ്പൂവാലേ’ എന്ന ഓണപ്പാട്ടിന്റെ വീഡിയോ അവതരണത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്.

കേരളത്തിന്റെ സാംസ്കാരിക മുഖം ലോകത്തിന് മുന്നിൽ ആകർഷകമായി അവതരിപ്പിക്കാൻ ഓണക്കാലത്തെ വിനിയോഗിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിക്കുന്ന ആഘോഷമാണ് ഓണമെന്നും മലയാളിയുടെ ജീവിതരീതിയെ ലോകത്തിന് പരിചയപ്പെടുത്താനുള്ള വലിയ അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് 35 വേദികളിൽ പരിപാടികൾ

കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ശംഖുമുഖം, അയ്യങ്കാളി ഹാൾ, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 35 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുന്നത്. സിനിമ, സംഗീത, സാംസ്കാരിക മേഖലകളിലെ പ്രമുഖർ വിവിധ വേദികളിൽ പരിപാടികൾ അവതരിപ്പിക്കും. സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി മാത്രം ഏകദേശം 3,000 കലാകാരന്മാരും അണിയറപ്രവർത്തകരും പങ്കെടുക്കും. സംസ്ഥാനത്താകെ 8,000ത്തിലേറെ കലാകാരന്മാർ ഓണാഘോഷത്തിന്റെ ഭാഗമാകും.

പ്രധാന വേദിയായ നിശാഗന്ധിയിൽ ഓഗസ്റ്റ് 30 വരെ എല്ലാ ദിവസവും വൈകുന്നേരം ആറുമുതൽ ഏഴുവരെ മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പടയണി, അർജുനനൃത്തം, പൂതനും തിറയും ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ അരങ്ങേറും.കവടിയാർ, അട്ടക്കുളങ്ങര, ശാസ്തമംഗലം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് നഗരത്തിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കിയിട്ടുണ്ട്. കനകക്കുന്നിലെ ട്രേഡ് ഫെയറും ഭക്ഷ്യമേളയും ഓണാഘോഷത്തിലെ പ്രധാന ആകർഷണങ്ങളാണ്.

ഓഗസ്റ്റ് 30ന് ഘോഷയാത്ര
ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങിൽ പങ്കെടുക്കും.
തലസ്ഥാനത്തിന് പുറമെ ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിനും ജില്ലാ ഭരണകൂടങ്ങൾക്കും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കുമാണ് ജില്ലകളിലെ ആഘോഷങ്ങളുടെ നേതൃത്വം.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10