നഗോയ ഏഷ്യൻ ഗെയിംസ് വേദിയിൽ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും പവർ ലുക്കിലുള്ള മറുപടിയുമായി മലയാളി കായികതാരം ആൻസി സോജൻ. വോഗ് ഇന്ത്യയുടെ ‘ഫോഴ്‌സസ് ഓഫ് ഫാഷൻ’ പുരസ്കാരവേദിയിൽ കറുത്ത സ്ട്രക്ചേഡ്-ഷോൾഡർ പവർ സ്യൂട്ടിൽ, മത്സരവേദിയിൽ വിമർശനം നേരിട്ട അതേ മുടിക്കെട്ടും അലങ്കാരങ്ങളുമണിഞ്ഞാണ് താരം എത്തിയത്.
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളിലൂടെ തന്റെ മെഡലുകളും റെക്കോർഡുകളും തിരിച്ചെടുക്കാനാകില്ലെന്ന് ആൻസി വ്യക്തമാക്കി. രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായതെങ്കിലും 22 വർഷത്തെ ദേശീയ റെക്കോർഡാണ് താൻ തകർത്തതെന്നും, പിന്നിൽനിന്ന് ആർക്കും എന്തും പറയാം പക്ഷേ ഇങ്ങനെയായിരിക്കാനാണ് തനിക്കിഷ്ടമെന്നും വോഗ് വേദിയിൽ താരം നിലപാട് ആവർത്തിച്ചു.
ഡിസൈനർ സാറ സന്ദീപ് ഒരുക്കിയ ടക്സീഡോ സ്യൂട്ടും ലക്ഷ്വറി ബ്രാൻഡായ ജിമ്മി ചൂവിന്റെ ക്രിസ്റ്റലുകൾ പതിപ്പിച്ച സ്ട്രാപ്പുള്ള ഹീൽസും ധരിച്ചാണ് രാജ്യത്തെ പ്രധാന ഫാഷൻ വേദിയിൽ ആൻസി പുരസ്കാരം ഏറ്റുവാങ്ങിയത്.
നഗോയ ഏഷ്യൻ ഗെയിംസ് മത്സരവേളയിൽ ആൻസി അണിഞ്ഞ ആഭരണങ്ങളും മുടിയിലെ അലങ്കാരങ്ങളുമാണ് സ്വർണം നഷ്ടപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ