കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങല്‍ വളപ്പിലാണ് മരിച്ചത്. നവംബര്‍ 19 വ്യാഴാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേ സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 5,164 മീറ്റര്‍ ഉയരത്തിലുള്ള ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നായ ഗോരക്ഷേപ്, കഠിനമായ കാലാവസ്ഥയും ഓക്‌സിജന്റെ കുറവും കാരണം സഞ്ചാരികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മേഖലയാണ്. അക്യൂട്ട് മൗണ്ടന്‍ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വേഗത്തില്‍ കയറുമ്പോള്‍ കുറഞ്ഞ ഓക്‌സിജന്‍ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്.
'ട്രാവല്‍ വിത്ത് അഞ്ജുനാഥ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ തന്റെ യാത്രാവിവരങ്ങളും മലനിരകളില്‍നിന്നുള്ള കാഴ്ചകളും ഇദ്ദേഹം നിരന്തരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അന്നപൂര്‍ണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്രതിരിച്ചത്. യുവാവിന്റെ അപ്രതീക്ഷിത വിയോഗം ട്രെക്കിങ് പ്രേമികള്‍ക്കിടയില്‍ വലിയ ഞെട്ടലും ദുഃഖവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
എവറസ്റ്റ് ലക്ഷ്യമാക്കി യാത്രതിരിച്ചു, ഒടുവിൽ മടക്കമില്ലാത്ത യാത്രയായി അഞ്ജുനാഥ്; ട്രെക്കിങ്ങിനിടെ മലയാളി യുവാവിന് നേപ്പാളിൽ ദാരുണാന്ത്യം