ജനീവയിൽ ഉസ്‌ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദറോവിനെതിരെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന ഡി. ഗുകേഷിന് വിലപ്പെട്ട ഉപദേശവുമായി അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ്. അനാവശ്യ ആശങ്കകൾ ഒഴിവാക്കി കളി കൂടുതൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന് ആനന്ദ് ഗുകേഷിനോട് നിർദേശിച്ചു. ഇരുപത് വയസ്സ് വീതം പ്രായമുള്ള ഗുകേഷും സിന്ദറോവും ഏറ്റുമുട്ടുന്നതോടെ, ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിനാണ് ജനീവ വേദിയാകുന്നത്.
'ടോട്ടൽ ചെസ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർ പൈലറ്റ്' ടൂർണമെന്റിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആനന്ദ്. ചില സമയങ്ങളിൽ കാര്യങ്ങളെ അതിന്റെ വഴിക്ക് വിട്ട് ശാന്തമായിരിക്കുകയാണ് നല്ലതെന്നും, എത്രയധികം ആശങ്കപ്പെട്ടാലും ചില കാര്യങ്ങൾ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക ചാമ്പ്യനായതിന് ശേഷം ഗുകേഷിന്റെ ഫോമിൽ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഈ വർഷത്തെ തുടർച്ചയായ നിരാശാജനകമായ പ്രകടനങ്ങൾ ഗുകേഷിനെ ലോക റാങ്കിംഗിൽ 26-ാം സ്ഥാനത്തേക്കും 2710 റേറ്റിംഗിലേക്കും താഴ്ത്തി. മാർച്ചിൽ പ്രാഗ് മാസ്റ്റേഴ്‌സ്, ജൂണിൽ നോർവേ ചെസ്സ്, ജൂലൈയിൽ ക്വാണ്ട്‌ബോക്‌സ് ചെന്നൈ ഗ്രാൻഡ് മാസ്റ്റേഴ്‌സ് എന്നീ ടൂർണമെന്റുകളിൽ അവസാന സ്ഥാനത്തോ, അവസാന സ്ഥാനം പങ്കിട്ടോ ആണ് താരം ഫിനിഷ് ചെയ്തത്.
യുവതാരമായിരുന്ന കാലത്തെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ കഴിഞ്ഞ അഞ്ചാറ് വർഷമായി താൻ ഗുകേഷിന് ഇതേ ഉപദേശം നൽകാറുണ്ടെന്ന് ആനന്ദ് പറഞ്ഞു. തനിക്ക് 18-ഉം 20-ഉം വയസ്സുള്ളപ്പോൾ ഇതുപോലെ ഒരുപാട് ആശങ്കപ്പെടുമായിരുന്നുവെന്നും, എന്നാൽ ആശങ്കപ്പെടുന്നത് പ്രകടനത്തെ മെച്ചപ്പെടുത്തില്ലെന്നും കളി ആസ്വദിക്കുകയാണ് വേണ്ടതെന്നും ആനന്ദ് കൂട്ടിച്ചേർത്തു.
ആനന്ദ് സ്ഥാപിച്ച വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ്സ് അക്കാദമിയിൽ പരിശീലനം നേടിയ ഗുകേഷ്, അർജുൻ എരിഗെയ്സി, ആർ. പ്രഗ്‌നാനന്ദ, സഹോദരി ആർ. വൈശാലി എന്നിവർ 'വിഷി കിഡ്‌സ്' എന്നാണ് അറിയപ്പെടുന്നത്. മറുവശത്ത്, മുൻ ലോക ചാമ്പ്യൻ റുസ്തം കാസിംദ്‌സനോവിന്റെ പരിശീലനത്തിൽ വളർന്ന ഉസ്‌ബെക്ക് സുവർണ തലമുറയിലെ താരമാണ് സിന്ദറോവ്. ഇന്ത്യയിലും ഉസ്‌ബെക്കിസ്ഥാനിലും മാത്രമല്ല, തുർക്കിയിലും യുവതാരങ്ങളുടെ വലിയ മുന്നേറ്റമുണ്ടാകുന്നുണ്ടെന്നും, കമ്പ്യൂട്ടറുകളുടെ സഹായത്തിനൊപ്പം അനുഭവസമ്പത്തുള്ള പരിശീലകരുടെ മാർഗ്ഗനിർദ്ദേശവും ഇവർക്ക് കരുത്താകുന്നുണ്ടെന്നും ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ് കൂടിയായ ആനന്ദ് നിരീക്ഷിച്ചു.
അടുത്ത വർഷം ചൈനയുടെ ജു വെൻജുനിനെതിരെ നടക്കുന്ന വനിതാ ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിന് ഒരുങ്ങുന്ന ആർ. വൈശാലിയുടെ പ്രകടനത്തെയും ആനന്ദ് പ്രശംസിച്ചു. ടോട്ടൽ ചെസ്സ് ടൂർ പൈലറ്റ് ടൂർണമെന്റിൽ ഏറ്റവും കുറഞ്ഞ റേറ്റിങ്ങുള്ള താരമായി ഇറങ്ങിയിട്ടും ബ്ലിറ്റ്സ് വിഭാഗത്തിൽ വെസ്ലി സോ, ഹാൻസ് നീമാൻ എന്നിവരെയും ഫാസ്റ്റ് ക്ലാസിക്കൽ വിഭാഗത്തിൽ സഹതാരം അർജുൻ എരിഗെയ്സിയെയും പരാജയപ്പെടുത്താൻ വൈശാലിക്ക് സാധിച്ചു.
അർജുനെതിരായ വിജയം വൈശാലിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്ന് ആനന്ദ് പറഞ്ഞു. ഇത്തരം കടുപ്പമേറിയ ടൂർണമെന്റുകളിൽ കളിക്കുന്നത് ലോക ചാമ്പ്യൻഷിപ്പിന് മുൻപ് മെച്ചപ്പെടുത്തേണ്ട മേഖലകൾ കൃത്യമായി തിരിച്ചറിയാൻ വൈശാലിയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന്ദിന്റെ ഉപദേശം