തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരൻ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസികാവസ്ഥയെന്നും വിചാരണ നേരിടുന്നതിന് മാനസിക തടസ്സങ്ങളില്ലെന്നുമുള്ള പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും മെഡിക്കൽ ബോർഡിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഉത്തരവ്.
പ്രായപൂർത്തിയാകാത്തയാളെന്ന ആനുകൂല്യം നൽകി ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും മെഡിക്കൽ റിപ്പോർട്ടും ശരിവെച്ചാണ് ബോർഡ് ജാമ്യം നിഷേധിച്ചത്. പ്രതിക്ക് നടത്തിയ കൗൺസിലിംഗിലൂടെയാണ് കൊലപാതകത്തിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നതെന്നും പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയ തലയോട്ടിയിലെ ക്ഷതം തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്നും വ്യക്തമായി.
പ്രണയത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഒന്നാം പ്രതിയുടെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായതിനെ തുടർന്ന് സുഹൃത്തിനെ ആക്രമിക്കാനായി പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്.
സുഹൃത്ത് എത്താതിരുന്നതോടെയുണ്ടായ തർക്കത്തിനിടെ തേങ്ങ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം, കൂട്ടാളി ഒമറിനെയും കൂട്ടി മടങ്ങിയെത്തി ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് 17-കാരനെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച തേങ്ങയും കണ്ടെത്തി.
പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി