സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ‘പുതുയുഗ കേരളം’ എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോൾ സർക്കാരിന്റെ നേട്ടങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ച് മുഖ്യമന്ത്രി ലേഖനം പ്രസിദ്ധീകരിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുന്നതിനൊപ്പം സാമൂഹിക ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപങ്ങൾക്കും ഒരുപോലെ മുൻഗണന നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
102 സീറ്റുകളുമായി യുഡിഎഫ് നേടിയ ചരിത്ര വിജയത്തിന് പിന്നിൽ ‘പുതുയുഗ കേരളം’ എന്ന ആശയം ജനങ്ങൾ പൂർണമനസോടെ സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു. അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കൽ, പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടൽ തുടങ്ങിയ തീരുമാനങ്ങൾ കൈക്കൊണ്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
597 പദ്ധതികളുമായി 100 ദിന കർമപദ്ധതി
സാമൂഹിക ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുൻഗണന നൽകിയാണ് ‘ഇന്ദിരാ ഗ്യാരണ്ടികൾ’ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്രയും മുതിർന്ന പൗരന്മാർക്കായി വയോജന വകുപ്പും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കൃഷി, വ്യവസായം, സഹകരണം തുടങ്ങിയ 11 മേഖലകളിലായി 43 വകുപ്പുകൾ ചേർന്ന് 597 പദ്ധതികളാണ് 100 ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടൽ
ഓണം മുന്നിൽക്കണ്ട് വിപണിയിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ 13 സബ്സിഡി സാധനങ്ങൾ വില വർധിപ്പിക്കാതെ ലഭ്യമാക്കുന്നുണ്ട്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങൾ കഴിഞ്ഞ ഓണക്കാലത്തെ സബ്സിഡി നിരക്കിനേക്കാൾ കുറഞ്ഞ വിലയിലാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെളിച്ചെണ്ണയുടെ വില കുറച്ചതായും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യം ഒരുക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനപ്രതിസന്ധിക്കിടയിലും ക്ഷേമപദ്ധതികൾ
സംസ്ഥാനം കടുത്ത ധനപ്രതിസന്ധി നേരിടുമ്പോഴും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ക്ഷേമ പെൻഷൻ ഒരു മാസം പോലും മുടങ്ങരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ഓണം കണക്കിലെടുത്ത് ഓഗസ്റ്റ് മാസത്തെ പെൻഷൻ നേരത്തെ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർക്കും കെ.ടി.ഡി.സി, കെ.എസ്.ആർ.ടി.സി, സഹകരണ മേഖലയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, ശമ്പള അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ആദ്യമായി 2,000 രൂപ ഓണം ഉത്സവബത്ത അനുവദിക്കുകയും ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവബത്ത 1,500 രൂപയായി ഉയർത്തുകയും ചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡിന്റെ കുടിശ്ശിക പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് 310 കോടി
പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർക്കാൻ അധികാരത്തിലെത്തി 84 ദിവസത്തിനകം 310 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.കാരുണ്യ, ആരോഗ്യകിരണം പദ്ധതികളുടെ അടിയന്തര ബാധ്യതകൾ തീർക്കാൻ 200 കോടിയും സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പിആർഎസ് കുടിശ്ശിക തീർക്കാൻ 150 കോടിയും അനുവദിച്ചു.
100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകാൻ 44.24 കോടി രൂപയും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകാൻ 85.06 ലക്ഷം രൂപയും അനുവദിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 1,000 രൂപയായി ഉയർത്തി. എൻഡോസൾഫാൻ ദുരിതബാധിതരുടെ ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയും പട്ടികവർഗ വിഭാഗങ്ങൾക്ക് ഓണസമ്മാനമായി 1,000 രൂപ വീതം നൽകാൻ 5.28 കോടി രൂപയും അനുവദിച്ചു.
ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’
സിന്തറ്റിക് ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പതിനായിരത്തിലധികം പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ കായിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ ‘ഓപ്പറേഷൻ കളരി’ പദ്ധതിക്കും തുടക്കം കുറിച്ചു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മിഷൻ സമുദ്ര’യിലൂടെ കേരളത്തിന് പുതിയ വികസനപാത
കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് ‘മിഷൻ സമുദ്ര’യെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്നതിനുള്ള 400 കോടി രൂപയുടെ പദ്ധതിയാണിത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുനീക്കം പൂർണതോതിൽ ആരംഭിച്ചതോടെ വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകൾ അയക്കാനും യാത്രാസമയവും ചെലവും കുറയ്ക്കാനും അവസരം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് 100 ഏക്കറിൽ ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം, പാലക്കാട് ലോജിസ്റ്റിക്സ് ഹബ്, അങ്കമാലിയിൽ 28 കോടി രൂപയുടെ ഐടി പാർക്ക്, റിയൽ എസ്റ്റേറ്റ് വികസനത്തിനായി 5,500 കോടി രൂപയുടെ വളർച്ചാ ഫണ്ട് തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐടി, എഐ മേഖലയിൽ വൻ നിക്ഷേപ ലക്ഷ്യം
വിവരസാങ്കേതിക വകുപ്പിനെ ‘IT, AI & Future Technologies’ എന്ന് പുനർനാമകരണം ചെയ്യാനും കേരള സ്റ്റേറ്റ് ഐടി മിഷനെ ഡിജിറ്റൽ ടെക്നോളജി മിഷനാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ‘ഇൻവെസ്റ്റ് കേരള സെൽ’, എഐ ഡാറ്റാ സെന്ററുകൾ, പുതിയ വിദേശ നിക്ഷേപ നയം, സെമികണ്ടക്ടർ മേഖലയ്ക്കായി ‘SEMICON Kerala’ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. ആദ്യഘട്ടത്തിൽ 2,145 കോടി രൂപയുടെ നിക്ഷേപവും 31,000ത്തിലധികം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി അഞ്ച് കോടി രൂപയായി ഉയർത്തിയതായും അദ്ദേഹം അറിയിച്ചു.
‘വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും’
മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കഴമ്പുള്ള വിമർശനങ്ങൾ ഉയർന്നാൽ തിരുത്താൻ സർക്കാർ മടിക്കില്ലെന്നും പറഞ്ഞു.അതേസമയം, നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ അപകീർത്തിപ്പെടുത്താനോ സമ്മർദത്തിലാക്കാനോ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്യുന്നവരെ സർക്കാരിന്റെ ശത്രുക്കളായി കാണുന്നില്ലെന്നും അവരുടെ പ്രശ്നങ്ങൾ തുറന്ന മനസോടെ കേൾക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ പ്രതിരോധത്തിനും യുവാക്കൾക്കുമായി പുതിയ പദ്ധതികൾ
പ്രളയ പ്രതിരോധത്തിനായി ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ‘കേരള ഫ്ലഡ് റെസീലിയൻസ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാൻ റൂർക്കി ഐഐടിയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.പുതിയ നിക്ഷേപങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യുവാക്കളെ കേരളത്തിൽ തന്നെ നിലനിർത്തുന്നതിനുള്ള കർമപദ്ധതികൾ നടപ്പാക്കുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
“100 ദിവസം ഒരു ചെറിയ കാലയളവാണ്. പക്ഷെ സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് അഭിമാനപൂർവം കടക്കാൻ കഴിഞ്ഞു” എന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി ലേഖനം അവസാനിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.