ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുതുക്കി. മുന്‍പ് ചില ജില്ലകളില്‍ മാത്രമായി പ്രവചിച്ചിരുന്ന മഴ മുന്നറിയിപ്പ്, ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഇന്ന് കേരളത്തിലെ 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ഇന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കാം. ശേഷിക്കുന്ന എട്ട് ജില്ലകളിലും കനത്ത മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം തിരുവോണ ദിവസമായ നാളെയോടെ (ബുധനാഴ്ച) സംസ്ഥാനത്ത് മഴയുടെ ശക്തിയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവചനം. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ മാത്രമായിരിക്കും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുക. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായിരിക്കില്ല.
നിലവില്‍ ഗംഗാതീര പശ്ചിമ ബംഗാളിനും സമീപമുള്ള ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.