ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഒയും സണ്‍ ടിവി നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ കലാനിധി മാരന്റെ മകളുമായ കാവ്യ മാരന്റെയും വിവാഹ സല്‍ക്കാരം ചെന്നൈയില്‍ പ്രൗഢഗംഭീരമായി നടന്നു. നവംബര്‍ 11-ന് ഗ്രീസില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് പിന്നാലെയാണ് ശനിയാഴ്ച ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ വിപുലമായ വിരുന്ന് ഒരുക്കിയത്. സിനിമ, രാഷ്ട്രീയം, ക്രിക്കറ്റ്, വ്യവസായ രംഗങ്ങളിലെ പ്രമുഖരുടെ സംഗമവേദിയായി ചടങ്ങ് മാറി.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ്, തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാനെത്തി. സൂപ്പര്‍താരം രജനികാന്ത്, ഭാര്യ ലത, കമല്‍ഹാസന്‍, എ.ആര്‍. റഹ്‌മാന്‍, കാര്‍ത്തി, സിദ്ധാര്‍ത്ഥ്-അദിതി റാവു ഹൈദരി, സ്‌നേഹ, ആര്‍.ജെ. ബാലാജി, ഹിപ്ഹോപ് തമിഴ, സംവിധായകരായ എസ്. ഷങ്കര്‍, അറ്റ്‌ലി, കെ.എസ്. രവികുമാര്‍, ലൈക്ക പ്രൊഡക്ഷന്‍സ് മേധാവി സുഭാസ്‌കരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രജനികാന്തും കമല്‍ഹാസനും വേദിയില്‍ സൗഹൃദം പങ്കുവെക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമായി. ക്രിക്കറ്റ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ഡാനിയല്‍ വെട്ടോറി, ഡെയ്ല്‍ സ്റ്റെയ്ന്‍, മുത്തയ്യ മുരളീധരന്‍, ഭുവനേശ്വര്‍ കുമാര്‍, മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരും വിരുന്നില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തി.
നേരത്തെ കലാനിധി മാരനും ഭാര്യ കാവേരി മാരനും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ നേരിട്ട് കണ്ട് വിവാഹ സല്‍ക്കാരത്തിലേക്ക് ക്ഷണിച്ചിരുന്നു.
അനിരുദ്ധ് - കാവ്യ വിവാഹ സല്‍ക്കാരം ചെന്നൈയില്‍; ആശംസകളുമായി സിനിമ-രാഷ്ട്രീയ-ക്രിക്കറ്റ് പ്രമുഖർ