ഇന്ത്യൻ സിനിമയിൽ വൻ വിജയം നേടിയ 'ഹനുമാൻ' എന്ന ചിത്രത്തിന് ശേഷം തങ്ങളുടെ ഫാന്റസി സിനിമാ പ്രപഞ്ചം വിപുലീകരിക്കാനൊരുങ്ങി പ്രൈംഷോ എന്റർടെയ്ൻമെന്റ്. 'ഹനുമാൻ 2 - ദി റൈസ് ഓഫ് വാനരാസ്' (HanuMan 2 - The Rise of Vanaras) എന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തി. യുവതാരം പഞ്ച വൈഷ്ണവ് തേജ് നായകനാകുന്ന ഈ ബിഗ് ബജറ്റ് ഫാന്റസി-മിത്തോളജി ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത് വി.ഐ. ആനന്ദാണ്. കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
ടൈറ്റിൽ പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. മേഘങ്ങൾക്കിടയിലൂടെ ഉയർന്നുപോകുന്ന ഒരാളെയും അതിനുചുറ്റും പ്രത്യക്ഷപ്പെടുന്ന ഭീമാകാരമായ ദിവ്യവാലും അതീന്ദ്രിയമായ ദൈവിക സാന്നിധ്യവും ഉൾക്കൊള്ളുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ആദ്യ ഭാഗത്തിലൂടെ അവതരിപ്പിച്ച ഫാന്റസി ലോകത്തിന് പുതിയൊരു അധ്യായം തുറക്കുന്ന ചിത്രത്തിന്റെ മിസ്റ്റിക് പശ്ചാത്തലത്തിലേക്കുള്ള സൂചനയാണ് പോസ്റ്റർ നൽകുന്നത്.
വ്യത്യസ്തമായ ഫാന്റസി കഥപറച്ചിലിലൂടെ ശ്രദ്ധേയനായ വി.ഐ. ആനന്ദിന്റെ സംവിധാനവും പഞ്ച വൈഷ്ണവ് തേജിന്റെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്നു. മിത്തോളജിയുടെയും ഭാവനയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി മികച്ച തിയേറ്റർ അനുഭവം ഒരുക്കുകയാണ് ലക്ഷ്യം. സായ് ദുർഗ തേജ് നായകനാകുന്ന 'എസ്‌വൈജി' (SYG), കിച്ച സുദീപ് നായകനാകുന്ന 'ബിആർബി' (BRB) എന്നീ വമ്പൻ ചിത്രങ്ങൾക്ക് പിന്നാലെയാണ് പ്രൈംഷോ എന്റർടെയ്ൻമെന്റ് തങ്ങളുടെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിലെ മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, ചിത്രീകരണ വിശേഷങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. ഹാഷ്ടാഗ് മീഡിയയാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് നിർവഹിക്കുന്നത്. പി.ആർ.ഒ: ശബരി.
ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ് തേജും