ചെന്നൈ: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുത്തു. മകള്‍ ഉണ്ണിമായയ്ക്കൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കറും ഒപ്പമുണ്ടായിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു.
സിനിമ, രാഷ്ട്രീയ, ക്രിക്കറ്റ് രംഗങ്ങളിലെ പ്രമുഖര്‍ അണിനിരന്ന സല്‍ക്കാരം ശ്രദ്ധേയമായി. സൂപ്പര്‍താരം രജനികാന്തും കമല്‍ഹാസനും ചടങ്ങിലേക്ക് ഒരുമിച്ചാണ് എത്തിയത്. കറുത്ത സ്യൂട്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ രജനികാന്തിനൊപ്പം ഭാര്യ ലത രജനികാന്തുമുണ്ടായിരുന്നു. നവദമ്പതികള്‍ക്കൊപ്പം വേദിയില്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ഇരുവരും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമൊപ്പവും ചിത്രങ്ങളെടുത്തു. അനിരുദ്ധിന്റെ അമ്മാവന്‍ കൂടിയാണ് രജനികാന്ത്.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാനെത്തി. രജനികാന്തിനും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങള്‍ രേവന്ത് റെഡ്ഡി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ് ഭാര്യ നാരാ ബ്രാഹ്‌മണിക്കും മകന്‍ ദേവാന്‍ഷിനുമൊപ്പമാണ് എത്തിയത്. ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴിയും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ക്രിക്കറ്റ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ഡാനിയല്‍ വെട്ടോറി, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയത്.
ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്‍ ഉണ്ണിമായയും; ചിത്രങ്ങള്‍ പങ്കുവെച്ചു