ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'അര്‍ണബ്' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരുത്താര്‍ജ്ജിച്ചു. നിലവില്‍ വിശാഖപട്ടണത്തിന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ്, മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നത്. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന അര്‍ണബ്, നാളെ ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കി. ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ അതിതീവ്ര കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തിലൂടെ ഓടുന്ന 53 ട്രെയിന്‍ സര്‍വീസുകള്‍ ഇന്നും നാളെയുമായി പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.
കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും, ചില സമയങ്ങളില്‍ 140 കിലോമീറ്റര്‍ വരെയും വേഗതയിലുള്ള ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിക്കുന്നു. കേരളത്തില്‍ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അതിതീവ്ര ചുഴലിക്കാറ്റായി 'അര്‍ണബ്'; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലര്‍ട്ട്, 53 ട്രെയിനുകള്‍ റദ്ദാക്കി