ന്യൂഡല്‍ഹി: ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമായി മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ നിര്‍ണ്ണായക ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങളില്‍ 100 ശതമാനം വരെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ഭേദഗതി കേന്ദ്ര ഗതാഗത മന്ത്രാലയം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഇ 100 (E100), ഇ 85 (E85) തുടങ്ങിയ ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ (Flex-Fuel) വാഹനങ്ങള്‍ക്കാണ് പുതിയ ഉത്തരവിലൂടെ കേന്ദ്രം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
നിലവില്‍ നിരത്തുകളിലുള്ള സാധാരണ പെട്രോള്‍ കാറുകളിലോ ഇ-20 (E20) ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളിലോ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത്തരം എഞ്ചിനുകളില്‍ പുതിയ ഇന്ധനം ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഉയര്‍ന്ന എഥനോള്‍ മിശ്രിതം ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ഫ്‌ളെക്‌സ്-ഫ്യുവല്‍ എഞ്ചിന്‍ വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര തീരുമാനത്തോടെ മാരുതി സുസുകി, ടൊയോട്ട, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ പുതിയ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാരുതി സുസുകിയുടെ വേഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ പ്രോട്ടോടൈപ്പ് മോഡല്‍ നേരത്തെ തന്നെ വിപണിയില്‍ ശ്രദ്ധ നേടിയിരുന്നു.
എഥനോള്‍ നയത്തിന് പുറമേ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ഭാരപരിധിയിലും കേന്ദ്രം പ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ ഇനത്തില്‍പ്പെടുന്ന എല്‍.എം.വി വാഹനങ്ങളുടെ പരമാവധി ഭാരപരിധി 3,000 കിലോഗ്രാമില്‍ നിന്ന് 3,500 കിലോഗ്രാമായാണ് ഉയര്‍ത്തിയത്.
മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വന്‍ ഭേദഗതിയുമായി കേന്ദ്രം: 100% എഥനോള്‍ ഇന്ധനത്തിന് അനുമതി; എല്‍.എം.വി ഭാരപരിധി ഉയര്‍ത്തി