ചെന്നൈ: തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ഡി.എം.കെ. നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയെ ചെന്നൈ പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളുകൾക്ക് ലൈസൻസുകളും മറ്റ് സർട്ടിഫിക്കറ്റുകളും നൽകിയതുമായി ബന്ധപ്പെട്ട 100 കോടി രൂപയുടെ അഴിമതി കേസിലാണ് ഈ നിർണായക നടപടി. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച അൻബിൽ മഹേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.
സർക്കാർ അംഗീകാരങ്ങൾ വേഗത്തിൽ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് കേസ്. അന്വേഷണത്തിൽ 177 സ്‌കൂളുകളിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയതായി കണ്ടെത്തയിട്ടുണ്ട്. അൻബിൽ മഹേഷിനെതിരെയുള്ള ശക്തമായ ഡിജിറ്റൽ തെളിവുകളും നിർണായക മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചതായി വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നു.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച മുൻ മന്ത്രി, കേസിനെ നിയമപരമായി നേരിടുമെന്ന് അറിയിച്ചു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും ലക്ഷ്യമിടാനും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് ഭരണകക്ഷിയായ തമിഴക വെട്രി കഴകം സർക്കാർ ചെയ്യുന്നതെന്ന് ഡി.എം.കെ. കുറ്റപ്പെടുത്തി.
100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിൽ