ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരവുമായി ബന്ധപ്പെട്ട് ഐസ (AISA) പ്രസിഡന്റ് നേഹ ബോറ നൽകിയ പീസ് ബോണ്ട് ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്തുകൊണ്ടാണ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, അശുതോഷ് റാങ്കെ, സൗരവ് ദാസ് എന്നിവരെ രൂക്ഷമായി വിമർശിച്ചു. നിരപരാധിയായ ഒരു യുവതി നീതി തേടി കോടതിയെ സമീപിച്ചതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയർത്തുന്ന ആളാണെന്നുമാണ് വാദത്തിനിടെ കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചത്.
അതിനിടയിൽ, ഒരിടവേളയ്ക്ക് ശേഷം ഗ്യാനേഷ് കുമാറിനെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾ പൗരാവകാശ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വീണ്ടും ശക്തമാക്കിയിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് സിറ്റിസൺ മാർച്ച് സംഘടിപ്പിച്ചത്. ഡൽഹിയിലും ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സി.ജെ.പിയുടെയും ഇടതു സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഡൽഹിയിലെ മാർച്ചിനിടെ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയത് നേരിയ സംഘർഷത്തിന് ഇടയാക്കി. വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ ഡൽഹിയിലെ കേന്ദ്ര സേനാ വിന്യാസം ഈ മാസം 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി