തിരുവനന്തപുരം: വ്യക്തികളുടെ ഭക്ഷണരീതികളിലും വസ്ത്രധാരണത്തിലും ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സസ്യാഹാരം മാത്രം കഴിക്കണമെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് വസ്ത്രം ധരിക്കണം, ഏത് ഭാഷ സംസാരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നമ്മൾ കഴിക്കേണ്ട ഭക്ഷണം നമ്മൾ തന്നെ തീരുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത് കേസിന്റെ മെറിറ്റ് മാത്രം പരിശോധിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫയലുകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനുള്ള അനുമതി തേടിയെങ്കിലും മുഖ്യമന്ത്രി വകുപ്പ് തല പരിശോധനയ്ക്ക് വിടുകയായിരുന്നു. കഴിഞ്ഞ സർക്കാർ അനുമതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. വ്യക്തമായ അന്വേഷണം നടക്കാതെ സത്യം പുറത്തുവരില്ലെന്നും ഇതിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജിലൻസ് അന്വേഷണങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തേണ്ടതിനാലാണ് ടി-സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ ആയുർവേദത്തിന്റെ മറവിലും സ്പാകൾ കേന്ദ്രീകരിച്ചും നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ ശക്തമായ പോലീസ് നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടിയില്ലെങ്കിൽ പോലീസ് നേരിട്ട് അടപ്പിക്കും. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്‍വെജ് നിയന്ത്രണത്തിനെതിരെ രമേശ് ചെന്നിത്തല