കൊച്ചി: ആലുവ മാർത്താണ്ഡവർമ പഴയ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കാൻ ഇരിക്കുന്നതിനാൽ ഒക്ടോബർ 28 മുതൽ നവംബർ 6 വരെയുള്ള 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ആലുവ വഴിയുള്ള വാഹന ഗതാഗതത്തിൽ പോലീസ് വലിയ രീതിയിലുള്ള മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ പരമാവധി പൊതുഗതാഗതം ഉപയോഗിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
തൃശൂർ ഭാഗത്തുനിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് വരുന്ന ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ, ടോറസ് ഉൾപ്പെടെയുള്ള മുഴുവൻ വലിയ ഭാരവാഹനങ്ങളും അങ്കമാലിയിൽ നിന്ന് തിരിഞ്ഞ് കാലടി - പെരുമ്പാവൂർ റോഡ് വഴി പോകേണ്ടതാണ്. അതുപോലെ എറണാകുളം ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾ കളമശ്ശേരിയിൽ നിന്ന് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂരിലേക്ക് തിരിഞ്ഞുപോകണം.
വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വാഹനങ്ങൾ കടുങ്ങല്ലൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് യു.സി കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിലെത്തി യാത്ര തുടരേണ്ടതാണ്. ആലുവയിൽ നിന്ന് വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി പോകണം. കൂടാതെ പറവൂർ കവല - തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽ നിന്നുള്ള ഗതാഗതം അനുവദിക്കില്ല. അങ്കമാലി, പറവൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറവൂർ കവലയിൽ നിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ വഴി മാത്രം സഞ്ചരിക്കേണ്ടതാണ്.
അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരേസമയം വൺവേ അഥവാ ഒരു വരിയായി ഗതാഗതം ക്രമീകരിക്കും. അതിനാൽ കൊച്ചി എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വഴിയിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗത തടസ്സം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ആലുവ മാർത്താണ്ഡവർമ പഴയ പാലം അടയ്ക്കുന്നു; ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്ക് കടുത്ത ഗതാഗത നിയന്ത്രണം