മത്സരത്തിനിടെ റഫറിയുടെ വാച്ച് 'അടിച്ചുമാറ്റി' പരാഗ്വായ് താരം; ലോകകപ്പിലെ കൗതുക ദൃശ്യം വൈറല്
തുര്‍ക്കിക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പരാഗ്വായ്ക്ക് വിജയം സമ്മാനിച്ച ഹീറോ മാറ്റിയാസ് ഗലാര്‍സ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു വിചിത്രമായ കാരണത്താലാണ്. മത്സരത്തിനിടെ റഫറിയുടെ വാച്ച് താഴെ വീണപ്പോള്‍ അത് എടുത്തു സ്വന്തം കൈയ്യില്‍ കെട്ടിയ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ലോകകപ്പില്‍ തുര്‍ക്കിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ പരാഗ്വായ്ക്ക് വിജയം സമ്മാനിച്ച മാറ്റിയാസ് ഗലാര്‍സ മൈതാനത്ത് കാട്ടിക്കൂട്ടിയ വികൃതികള്‍ കായിക ലോകത്ത് ചര്‍ച്ചയാകുന്നു. കളി തുടങ്ങിക്കഴിഞ്ഞ് രണ്ടാം മിനിറ്റില്‍ തന്നെ ലോംഗ് റേഞ്ച് ഗോളിലൂടെ പരാഗ്വായ്ക്ക് ലീഡ് നല്‍കിയ ഗലാര്‍സ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് റഫറിയുടെ വാച്ച് 'മോഷ്ടിച്ചത്'.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ മൈതാനത്ത് ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ ചെറിയൊരു ഉരസലുണ്ടായി. ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ റഫറി ഇവാന്‍ ബാര്‍ട്ടന്റെ കൈയ്യിലുണ്ടായിരുന്ന വാച്ച് അബദ്ധത്തില്‍ താഴെ വീണു. തര്‍ക്കം തീര്‍ക്കുന്ന തിരക്കിലായിരുന്ന റഫറി ഇത് ശ്രദ്ധിച്ചില്ല. എന്നാല്‍ അടുത്തുണ്ടായിരുന്ന ഗലാര്‍സ നിലത്തു കിടന്ന വാച്ച് കണ്ട് അത് എടുക്കുകയും ഉടന്‍ തന്നെ സ്വന്തം കൈയ്യില്‍ കെട്ടുകയും ചെയ്തു. റഫറിക്ക് തിരികെ നല്‍കുന്നതിന് പകരം, ഒരു കൊച്ചുകുട്ടിയെപ്പോലെ വാച്ചിലെ ബട്ടണുകളില്‍ അമര്‍ത്തി ഗലാര്‍സ കളിക്കാന്‍ തുടങ്ങി. കുറച്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് താരം വാച്ച് റഫറിക്ക് തിരികെ നല്‍കിയത്.
ഗലാര്‍സയുടെ ഈ പ്രവര്‍ത്തി തുര്‍ക്കി ആരാധകരെ ചൊടിപ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഗലാര്‍സയ്ക്ക് ഒരു മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. റഫറിയുടെ വാച്ച് എടുത്തു കളിച്ചതിന് രണ്ടാമതൊരു മഞ്ഞക്കാര്‍ഡ് കൂടി നല്‍കി ഗലാര്‍സയെ പുറത്താക്കേണ്ടതായിരുന്നു എന്നാണ് തുര്‍ക്കി ആരാധകരുടെ വാദം. എന്നാല്‍ റഫറി ഇവാന്‍ ബാര്‍ട്ടന്‍ ഈ സംഭവത്തെ വെറുമൊരു തമാശയായി കണ്ട് നടപടിയൊന്നും എടുത്തില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകകപ്പിലെ ഏറ്റവും രസകരമായ നിമിഷങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.