ലോകകപ്പിൽ ഇന്ന് നടന്ന തുർക്കി - പരാഗ്വേ മത്സരത്തിനിടയിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. കളി പുരോഗമിക്കുന്നതിനിടെ മിഗ്വൽ അൽമിറോൺ തുർക്കി താരം മെർട്ട് മൾഡറിനോട് സംസാരിക്കാൻ തുനിഞ്ഞു. എന്നാൽ സംസാരിക്കുന്നതിനിടയിൽ തന്റെ വായ കൈകൊണ്ട് മറച്ചുപിടിക്കാൻ അൽമിറോൺ ശ്രദ്ധിച്ചിരുന്നു. പരാഗ്വേ താരം ഫിഫയുടെ പുതിയ നിയമം ലംഘിച്ചതായി മൾഡർ ഉടൻ തന്നെ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഗ്രൗണ്ടിലെ വി.എ.ആർ (VAR) മോണിറ്ററിലൂടെ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച റഫറി, അൽമിറോണിന് നേരെ ചുവപ്പ് കാർഡ് ഉയർത്തുകയായിരുന്നു.
എന്താണ് ഫിഫയുടെ ഈ പുതിയ നിയമം?
മത്സരത്തിനിടയിൽ വായ പൊത്തി സംസാരിക്കുന്ന കളിക്കാർക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകുന്ന കർശന നിയമം ഇത്തവണത്തെ ലോകകപ്പിലാണ് ഫിഫ നടപ്പിലാക്കിയത്. താരങ്ങൾ വായ മറച്ചുപിടിച്ച് പരസ്പരം സംസാരിക്കുന്ന രീതി പല മത്സരങ്ങളിലും ആവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയാണ് ഫിഫ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. കളിക്കളത്തിലെ സുതാര്യത ഉറപ്പാക്കാനും വംശീയ അധിക്ഷേപങ്ങൾ തടയാനുമാണ് ഈ പരിഷ്കാരം.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ ഒരു വിവാദ സംഭവമാണ് ഇത്തരമൊരു നിയമം അടിയന്തിരമായി നടപ്പാക്കാൻ ഫിഫയെ പ്രേരിപ്പിച്ചത്. അന്ന് ബെൻഫിക്കയുടെ താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി തന്റെ ജേഴ്സി ഉപയോഗിച്ച് വായ പൊത്തിയാണ് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനോട് സംസാരിച്ചത്. വായ മറച്ചു പിടിച്ചതിനാൽ പ്രെസ്റ്റിയാനി എന്താണ് പറഞ്ഞതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹം വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു എന്ന ശക്തമായ വാദമുയർന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് വായ മറയ്ക്കുന്ന കളിക്കാർക്ക് റെഡ് കാർഡ് നൽകാൻ ഫിഫ തീരുമാനിച്ചതും, ഇപ്പോൾ അൽമിറോൺ അതിന്റെ ഇരയായതും.