വിന്‍ഡീസ് ഇതിഹാസ ഓള്‍ റൗണ്ടര്‍ 'സര്‍ ഗാരി സോബേഴ്‌സ്' അന്തരിച്ചു
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസവും ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറുമായ സര്‍ ഗാരിഫീല്‍ഡ് (ഗാരി) സോബേഴ്‌സ് അന്തരിച്ചു. 89 വയസായിരുന്നു. ബാര്‍ബഡോസിലെ വസതിയിലായിരുന്നു അന്ത്യം. മകന്‍ ഡാനിയല്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്. തന്റെ തൊണ്ണൂറാം ജന്മദിനത്തിന് കൃത്യം രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഇതിഹാസത്തിന്റെ വിടവാങ്ങല്‍. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബാര്‍ബഡോസ് സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സര്‍ ഗാരി സോബേഴ്‌സ്. 1954-ല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച അദ്ദേഹം ഇരുപത് വര്‍ഷത്തോളം വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ കുന്തമുനയായിരുന്നു. ക്രിക്കറ്റ് മൈതാനത്തെ അദ്ദേഹത്തിന്റെ അസാധാരണമായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് 2004 മുതല്‍ ഐസിസി വര്‍ഷം തോറുമുള്ള തങ്ങളുടെ മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം 'സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി' എന്ന പേരില്‍ നല്‍കാന്‍ തുടങ്ങിയത്. കരിയറില്‍ 93 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സോബേഴ്‌സ് 57.78 എന്ന തകര്‍പ്പന്‍ ബാറ്റിങ് ശരാശരിയില്‍ 8,032 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതില്‍ 26 സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
1958-ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റണ്‍സ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. 36 വര്‍ഷക്കാലം തകരാതെ കിടന്ന ഈ റെക്കോര്‍ഡ് 1994-ലാണ് നാട്ടുകാരനായ വിന്‍ഡീസ് താരം ബ്രയാന്‍ ലാറ തിരുത്തിയത്. ബാറ്റിങ്ങില്‍ മാത്രമല്ല, ഇടംകൈയന്‍ പേസറായും സ്പിന്നറായും ഒരുപോലെ തിളങ്ങിയ അദ്ദേഹം ടെസ്റ്റില്‍ 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ 1968 മുതല്‍ 1974 വരെ നോട്ടിങ്ഹാംഷെയറിനായി കളിച്ച അദ്ദേഹം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ 6 പന്തുകളില്‍ 6 സിക്‌സറുകള്‍ പറത്തുന്ന ആദ്യ കളിക്കാരന്‍ എന്ന ചരിത്ര നേട്ടത്തിനും ഉടമയായി.
1974-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം കളി നിര്‍ത്തി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ടെസ്റ്റില്‍ 5,000-ത്തിലധികം റണ്‍സ് നേടിയ കളിക്കാരുടെ ബാറ്റിങ് ശരാശരിയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും, ഐസിസി ചെയര്‍മാന്‍ ജയ് ഷായും ഉള്‍പ്പെടെയുള്ള പ്രമുഖരും കായിക പ്രേമികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസത്തിന്റെ വിയോഗം കായിക ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് ഐസിസി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.