വെനസ്വേലയ്ക്ക് പിന്നാലെ മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത; സുനാമി മുന്നറിയിപ്പ്
മെക്‌സിക്കോ സിറ്റി: വെനസ്വേലയിലെ ഭൂചലന ഭീതി വിട്ടുമാറും മുന്‍പേ മെക്‌സിക്കോയില്‍ അതിശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മെക്‌സിക്കോയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ ചിയാപാസിന്റെ തീരപ്രദേശമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് അയല്‍രാജ്യങ്ങളായ ഗ്വാട്ടിമാലയിലും എല്‍ സാല്‍വഡോറിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രഭവകേന്ദ്രത്തിന് സമീപം നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂമിക്കടിയില്‍ ഏകദേശം 15.2 കിലോമീറ്റര്‍ (9.44 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂകമ്പത്തിന് പിന്നാലെ മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ 5 നും 6 നും ഇടയില്‍ തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി കൂട്ടിയിട്ടുണ്ട്. ജൂണ്‍ 24-നായിരുന്നു വെനസ്വേലയില്‍ സമാനമായ രീതിയില്‍ വന്‍ ഭൂചലനമുണ്ടായത്.
പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരപ്രദേശങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. മെക്‌സിക്കോയിലെയും ഗ്വാട്ടിമാലയിലെയും ചില തീരങ്ങളില്‍ സാധാരണ വേലിയേറ്റ നിരപ്പില്‍ നിന്ന് 0.3 മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചുകയറിയേക്കാം.
തിരമാലകള്‍ അര മീറ്ററില്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയില്ലെന്ന് മെക്‌സിക്കന്‍ നാവികസേനാ സെക്രട്ടറി റെയ്മുണ്ടോ മൊറേല്‍സ് അറിയിച്ചെങ്കിലും, മുന്‍കരുതലിന്റെ ഭാഗമായി ബീച്ചുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.