രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്റി ബസ് ഓടിത്തുടങ്ങി
നാട്ടുകാർ ആകാംക്ഷയോടെ കാത്തിരുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് തുടക്കമായി. പ്രിയദർശിനി സർവീസിൽ ഉൾപ്പെടുത്തി വനിതകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര ഉറപ്പാക്കിയാണ് പുതിയ സിറ്റി സർവീസ് ആരംഭിച്ചിട്ടുള്ളത്. സർവീസിന്റെ ആദ്യ ഫ്ലാഗ് ഓഫ് രമേഷ് പിഷാരടി എംഎൽഎ നിർവ്വഹിച്ചു. പദ്ധതി വിജയം കണ്ടാൽ നഗരത്തിൽ കൂടുതൽ സിറ്റി സർവീസ് ബസുകൾ ഇറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രമേഷ് പിഷാരടി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് മന്ത്രി സി.പി.ജോൺ പദ്ധതിക്ക് ഉടനടി അനുമതി നൽകിയതോടെയാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുള്ള ഈ ബസ് സർവീസിന് വഴിയൊരുങ്ങിയത്.
വാർഡ് കൗൺസിലർ എം.എം.അഷ്കർ അധ്യക്ഷനായ ചടങ്ങിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി ഗവ. ബിഗ്ബസാർ സ്കൂളിനു സമീപത്തു കൂടി ബസ് സർവീസ് ആരംഭിച്ചതിൽ സന്തോഷം പങ്കുവെക്കാൻ സ്കൂൾ പിടിഎ ഭാരവാഹികളും എത്തിയിരുന്നു. പാലക്കാട് സ്റ്റാൻഡ്, മെഡിക്കൽ കോളജ്, ഒലവക്കോട്, യാക്കര, മേലാമുറി, കോങ്ങാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് തിങ്കളാഴ്ച മുതൽ ബസ് സർവീസ് നടക്കുക.
ബസ് സമയവിവരം
രാവിലെ 08:10: പാലക്കാട് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് മണപ്പുള്ളിക്കാവ് വഴി 08:20-ന് മെഡിക്കൽ കോളജിൽ എത്തും.
രാവിലെ 08:30: മെഡിക്കൽ കോളജിൽ നിന്ന് യാക്കര, ചടനാംകുറുശ്ശി, നൂറണി, ബിഗ്ബസാർ സ്കൂൾ വഴി 09:20-ന് മേലാമുറിയിൽ എത്തും.
രാവിലെ 09:30: മേലാമുറിയിൽ നിന്ന് മേഴ്സി കോളജ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, മണപ്പുള്ളിക്കാവ് വഴി 10:10-ന് മെഡിക്കൽ കോളജിൽ എത്തും.
രാവിലെ 10:20: മെഡിക്കൽ കോളജിൽ നിന്ന് പുതിയപാലം വഴി 10:50-ന് ഒലവക്കോട്ടെത്തും.
രാവിലെ 11:10 മുതൽ ഉച്ചയ്ക്ക് 03:00 വരെ: ഒലവക്കോട് – പാലക്കാട് മെഡിക്കൽ കോളജ് റൂട്ടിൽ തുടർച്ചയായി സർവീസ് നടത്തും.
വൈകിട്ട് 03:10: മെഡിക്കൽ കോളജിൽ നിന്ന് സിവിൽ സ്റ്റേഷൻ, മേഴ്സി കോളജ് വഴി 03:50-ന് മേലാമുറിയിൽ എത്തും.
വൈകിട്ട് 04:00: മേലാമുറിയിൽ നിന്ന് ബിഗ്ബസാർ സ്കൂൾ, നൂറണി, ചടനാംകുറുശ്ശി, യാക്കര വഴി 04:50-ന് മെഡിക്കൽ കോളജിൽ എത്തും.
വൈകിട്ട് 05:10: മെഡിക്കൽ കോളജിൽ നിന്ന് ഒലവക്കോട്, മുണ്ടൂർ വഴി 06:00-ന് കോങ്ങാട് എത്തും.
വൈകിട്ട് 06:10: കോങ്ങാട്ടിൽ നിന്ന് മുണ്ടൂർ, ഒലവക്കോട് വഴി രാത്രി 07:00-ന് പാലക്കാട്ടെത്തും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.