ചെന്താമര കുറ്റക്കാരനെന്ന് കോടതി; 'തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ'വെന്ന് കോടതിയോട് ചെന്താമരയുടെ ധാർഷ്ട്യം
കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) 103 (1), 126 (2) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. വിധി പ്രസ്താവനയ്ക്ക് ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തനിക്ക് ഒന്നും പറയാനില്ലെന്നും വേണമെങ്കിൽ തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നുമായിരുന്നു പ്രതി ചെന്താമരയുടെ ധാർഷ്ട്യം നിറഞ്ഞ മറുപടി. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി ഒന്നര വർഷം തികയുമ്പോഴാണ് ഈ നിർണായക വിധി വരുന്നത്.
2025 ജനുവരി 27-നായിരുന്നു അയൽവാസികളായ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മലയിടുക്കുകളിലേക്ക് ഒളിവിൽ പോയ പ്രതിക്കായി പോലീസും നാട്ടുകാരും രണ്ട് ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ജനുവരി 28-ന് രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടർന്ന് ഫെബ്രുവരി അഞ്ചിന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ 2022-ൽ ജാമ്യത്തിലിറങ്ങിയ ഇയാൾ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസമാക്കിയത്. ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ഫെബ്രുവരി 18-ന് ഇയാളുടെ പഴയ കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
കേസിന്റെ അന്വേഷണം അതിവേഗം പൂർത്തിയാക്കിയ പോലീസ് മാർച്ച് 25-ന് തന്നെ 480 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ കേസിൽ 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാ ഫലങ്ങളും ശാസ്ത്രീയ തെളിവുകളായി പോലീസ് ഹാജരാക്കി. 2025 ഫെബ്രുവരി 23 മുതൽ മേയ് 6 വരെ നീണ്ടുനിന്ന വിചാരണയിൽ 132 സാക്ഷികളിൽ 4 പേർ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും ശക്തമായ വാദങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.