ശബരിമലയിൽ കോടതി ഇടപെടൽ അതിരുകടക്കുന്നുവെന്ന് ദേവസ്വം മന്ത്രി , ആചാരങ്ങളിൽ സർക്കാരിന് എന്ത് പങ്കെന്നും ചോദ്യം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ കോടതി ഇടപെടലിലും രൂക്ഷ വിമർശനവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. സ്വർണക്കൊള്ള കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ അന്വേഷണം ഇങ്ങനെ തുടർന്നാൽ പൂർത്തിയാകാൻ ഏറെ കാലം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സ്വർണക്കൊള്ള കേസിലെ എസ്‌ഐടി അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും കേസിൽ സർക്കാരിനോ ദേവസ്വം ബോർഡിനോ യാതൊരു അവകാശവുമില്ലാത്ത സാഹചര്യമാണെന്നും കെ. മുരളീധരൻ പ്രതികരിച്ചു.
ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും കാര്യങ്ങളിൽ കോടതികളുടെ അമിതമായ ഇടപെടൽ ആവശ്യമാണോ എന്ന ചോദ്യവും മന്ത്രി ഉയർത്തി. ആനയെ എഴുന്നള്ളിക്കുന്നത് മുതൽ വെടിക്കെട്ട് നടത്തുന്നതുവരെ തീരുമാനിക്കുന്നത് കോടതികളാണെങ്കിൽ ഭക്തർക്കും സർക്കാരുകൾക്കും എന്ത് പങ്കാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിൽ ഏത് പൂവ് ഉപയോഗിക്കണമെന്ന കാര്യത്തിൽ പോലും കോടതി ഇടപെടുന്ന സാഹചര്യമുണ്ടെന്നും ക്ഷേത്രങ്ങളുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിലാണ് കോടതികൾക്ക് പ്രധാനമായും അധികാരമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അതിനപ്പുറത്തേക്കുള്ള ഇടപെടലുകൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടതി പാനൽ നിർദേശിച്ചതിനെയും മന്ത്രി ചോദ്യം ചെയ്തു. മറ്റ് ദേവസ്വം ബോർഡുകൾക്ക് ബാധകമല്ലാത്ത പാനൽ തിരുവിതാംകൂർ ദേവസ്വത്തിന് മാത്രം ഏർപ്പെടുത്തുന്നതിന്റെ ആവശ്യമെന്താണെന്നും കെ. മുരളീധരൻ ചോദിച്ചു.
ക്ഷേത്രകാര്യങ്ങളിലെ കോടതി ഇടപെടൽ സംബന്ധിച്ച ചർച്ചകൾക്ക് നിയമസഭയിൽ തുടക്കം കുറിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.