ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ ആവേശപ്പോരാട്ടം കാണാൻ യു.എസിലെ കെൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നേരിട്ടെത്തി നടൻ മോഹൻലാൽ. അർജന്റീനയുടെ ജഴ്‌സിയണിഞ്ഞ് അദ്ദേഹം എത്തിയത്, ഗാലറിയിലിരുന്ന് മത്സരം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്.
സ്റ്റേഡിയത്തിന് പുറത്ത് ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങൾക്കും വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. മത്സരത്തിന് മുന്നോടിയായി താരങ്ങളുടെ വാം-അപ്പ് സെഷൻ മൊബൈൽ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താടി വടിച്ച് മീശ നീട്ടിവളർത്തിയ 'അതിമനോഹരം' ചിത്രത്തിലെ ലുക്കിലായിരുന്നു താരം സ്റ്റേഡിയത്തിലെത്തിയത്.
അർജന്റീന ദേശീയ ഫുട്ബോൾ ടീമിനോടുള്ള തന്റെ ആരാധന മോഹൻലാൽ മുമ്പും പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. 'ലാലേട്ടൻ' എന്ന് സ്വന്തം കൈപ്പടയിൽ എഴുതി ലയണൽ മെസി ഒപ്പിട്ട പത്താം നമ്പർ ജഴ്‌സി ലഭിച്ചതിന്റെ സന്തോഷം താരം നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മെസി 'ലാലേട്ടൻ' എന്ന് എഴുതുന്ന വീഡിയോയും മോഹൻലാൽ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 2022-ലെ ലോകകപ്പിൽ അർജന്റീന കിരീടം നേടിയപ്പോൾ അതിന്റെ സന്തോഷവും താരം ആഘോഷമാക്കിയിരുന്നു.
അതേസമയം, എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന 3-1ന് സ്വിറ്റ്‌സർലൻഡിനെ കീഴടക്കി സെമിഫൈനലിലേക്ക് മുന്നേറി. അലക്‌സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലൗട്ടറോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.