നാഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ 6.53 മീറ്റർ ദൂരം ചാടി വെള്ളി മെഡൽ സ്വന്തമാക്കിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി മലയാളി താരം ആൻസി സോജൻ. മെഡൽ നേട്ടത്തിന് പിന്നാലെ വിജയ് തന്നെ ഫോൺ വിളിച്ച് സംസാരിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചിരുന്നതായി ആൻസി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളും പ്രചോദനവും തനിക്ക് വളരെ ഇഷ്ടമാണെന്നും അത്തരമൊരു കോൾ ലഭിച്ചാൽ അത് ഏറെ സന്തോഷം നൽകുമെന്നും താരം വ്യക്തമാക്കി. മുൻപ് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയപ്പോഴും വിജയിയുടെ ശൈലി അനുകരിച്ച് ആൻസി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷം വരെ സ്വർണ്ണ പ്രതീക്ഷയിലായിരുന്നു ആൻസിയെങ്കിലും ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.55 മീറ്റർ കണ്ടെത്തി ആൻസിയെ മറികടക്കുകയായിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടിയും ആൻസി വെള്ളി നേടിയിരുന്നു. ജപ്പാനിൽ സ്വർണം തന്നെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ അവസാനനിമിഷം കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്നും ആൻസി പറഞ്ഞു. ഈ സീസണിൽ പത്തിലേറെ മത്സരങ്ങളിൽ പങ്കെടുത്ത് സ്ഥിരതയാർന്ന പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ താരം, ഇതൊരു തുടക്കം മാത്രമാണെന്നും അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കൂട്ടിച്ചേർത്തു.
ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് വനിതകളുടെ ലോങ് ജംപ് ഫൈനൽ അവസാനിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 6.49 മീറ്റർ ചാടി ആൻസി മുന്നിലെത്തിയിരുന്നു. രണ്ടാം ശ്രമം ഫൗളായെങ്കിലും മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ കണ്ടെത്തി ആൻസി ലീഡ് നിലനിർത്തി. എന്നാൽ അഞ്ചാം ശ്രമത്തിൽ ചൈനീസ് താരം 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. തൊട്ടടുത്ത അഞ്ചാം ശ്രമത്തിൽ 6.53 മീറ്റർ ദൂരം കണ്ടത്തി ആൻസി തിരിച്ചടിക്കുകയും സ്വർണം ഉറപ്പിക്കുകയും ചെയ്തതാണ്. എന്നാൽ അവസാനത്തെ ആറാം ശ്രമത്തിൽ 6.55 മീറ്റർ ചാടി ചൈനീസ് താരം അവിശ്വസനീയമായി ഒന്നാമതെത്തുകയായിരുന്നു.
"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മലയാളി താരം ആൻസി