ന്യൂഡല്‍ഹി: ഏഴാം വയസ്സില്‍ ക്രൂരമായ ലൈംഗിക അക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി നടപ്പാക്കിക്കൊണ്ട് വിചാരണക്കോടതി ജഡ്ജി വിധിന്യായത്തോടൊപ്പം കുറിച്ച വികാരനിര്‍ഭരമായ കത്ത് ശ്രദ്ധേയമാകുന്നു. കേസില്‍ പ്രതിയായ സുമിത് ഷാക്യയ്ക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ വിധിച്ച ശേഷം, ഡല്‍ഹി രോഹിണി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രജനി രംഗയാണ് നിലവില്‍ പത്തു വയസ്സുള്ള അതിജീവിതയ്ക്കായി ഈ സന്ദേശം എഴുതിയത്.
പെണ്‍കുട്ടിയുടെ ഭാവിജീവിതത്തിന് ദിശാബോധവും ആത്മവിശ്വാസവും നല്‍കുന്ന ഈ കുറിപ്പും സര്‍ക്കാര്‍ അനുവദിച്ച 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയും പ്രിന്റ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടിക്ക് നേരിട്ട് എത്തിച്ചുനല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.
'കുഞ്ഞേ, നിന്റെ വാക്കുകള്‍ ഈ കോടതി കേട്ടിരിക്കുന്നു. നീ 'അങ്കിള്‍' എന്ന് വിളിച്ചിരുന്ന അയാള്‍ വയസ്സാകും വരെ ജയിലില്‍ കിടക്കണമെന്ന് നീ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നല്ലോ; ആ അപേക്ഷയ്ക്ക് കോടതി ഇപ്പോള്‍ മറുപടി നല്‍കുകയാണ്. നീ അങ്കിള്‍ എന്ന് വിളിച്ച അയാള്‍ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങി നടക്കില്ല. ശിഷ്ടകാലം മുഴുവന്‍ അയാള്‍ തടവറയ്ക്കുള്ളില്‍ തന്നെയായിരിക്കും. ആ കൂട്ടില്‍ കിടന്ന് അയാള്‍ വയസ്സാകും, അവിടെക്കിടന്ന് തന്നെ മരിക്കും. നിന്നെയോ നിന്റെ കുഞ്ഞനുജത്തിയെയോ ഇനി മറ്റൊരു കുട്ടിയെയോ ഉപദ്രവിക്കാന്‍ അയാള്‍ക്ക് സാധിക്കില്ല,' - വിചാരണക്കോടതി ജഡ്ജി കത്തില്‍ കുറിച്ചു.
2023 ജൂലൈ 23-നാണ് ഡല്‍ഹി ബുദ്ധ് വിഹാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് വയസ്സുകാരി അതിക്രൂരമായ പീഡനത്തിനിരയായത്. പോക്‌സോ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതി സുമിത് ഷാക്യയ്ക്ക് വിചാരണക്കോടതി മരണം വരെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ഈ ശിക്ഷയ്ക്കെതിരെ പ്രതി ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും, ഫൊറന്‍സിക് തെളിവുകള്‍ അടക്കം പരിശോധിച്ച ജസ്റ്റിസ് പ്രതിഭാ എം. സിങ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശിക്ഷ മരവിപ്പിക്കാന്‍ വിസമ്മതിച്ചു. വിചാരണക്കോടതി ജഡ്ജിയുടെ വാക്കുകള്‍ കുട്ടിയുടെ മാനസിക വീണ്ടെടുപ്പിനും ആത്മവിശ്വാസത്തിനും അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കത്തും 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും രണ്ടാഴ്ചയ്ക്കകം കുടുംബത്തിന് ലഭ്യമാക്കാനും നവംബര്‍ നാലിനകം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.