മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. വിഷയത്തിൽ അദ്ദേഹത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാനാണ് പാർട്ടി നീക്കം. ഗോവയിലെയടക്കം തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (SIR) അട്ടിമറിക്കാൻ ശ്രമം നടന്നത് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഉയർന്നുവന്നതായാണ് വിവരം.
അതോടൊപ്പം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലും കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ ആയുധമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ജിജി തോംസണെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ക്ഷണിച്ചത് വലിയ വീഴ്ചയാണെന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ രൂക്ഷമായി വിമർശിച്ചു. ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നും ഖർഗെ തുറന്നടിച്ചു.
വിഷയത്തിൽ തുടർന്നുള്ള പ്രതിഷേധ പരിപാടികളെക്കുറിച്ചും ഔദ്യോഗിക നിലപാടുകളെക്കുറിച്ചുമുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന 'ഇന്ത്യ' (INDIA) സഖ്യയോഗത്തിൽ കൈക്കൊള്ളുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം കടുക്കുമ്പോഴും, സ്ഥാനമൊഴിയാൻ തയ്യാറല്ലെന്നും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കുന്നു.