ഡൽഹിയിലെ യമുനാതീരത്തുള്ള ബെലാ എസ്റ്റേറ്റ് സന്ദർശിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട നിവാസികളുമായി കൂടിക്കാഴ്ച നടത്തി. പ്രദേശവാസികളുടെ പരാതികൾ കേട്ട അദ്ദേഹം, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ ഫോണിൽ വിളിച്ച് വോട്ടുകൾ നീക്കം ചെയ്തതിന്റെ അടിസ്ഥാനം ചോദ്യം ചെയ്തു. ബെലാ എസ്റ്റേറ്റിൽ താമസിക്കുന്ന 728 പേരിൽ 727 പേരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായും ഒരാളുടെ പേര് മാത്രമാണ് പട്ടികയിൽ അവശേഷിക്കുന്നതെന്നും അദ്ദേഹം പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്ന ഇവർ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 2023-ൽ ഇവരുടെ വീടുകൾ പൊളിച്ചുമാറ്റിയെങ്കിലും ഇവർ ഇവിടെത്തന്നെയാണ് താമസം തുടരുന്നത്. സ്വന്തമായി വീടില്ല എന്നത് ഒരാളുടെ വോട്ടവകാശം നിഷേധിക്കാനുള്ള കാരണമാകില്ലെന്നും, ഭവനരഹിതരായ വോട്ടർമാർക്കായി 'ഹൗസ് നമ്പർ 0' എന്ന വ്യവസ്ഥ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ ഏക രാഷ്ട്രീയ ശക്തിയായ വോട്ടവകാശം തട്ടിയെടുക്കുന്നത് "വോട്ട് മോഷണ"മാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു.
ഓഗസ്റ്റ് 31-ന് ഡൽഹിയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് ബെലാ എസ്റ്റേറ്റിലെ വിവാദം പുറത്തുവന്നത്. വോട്ടർ പട്ടിക പരിഷ്കരണത്തിന് മുൻപ് 729 വോട്ടർമാരുണ്ടായിരുന്ന പ്രദേശത്ത്, പുതിയ കരട് പട്ടിക വന്നപ്പോൾ 728 പേർ പുറത്താവുകയും ഒരാൾ മാത്രം ഉൾപ്പെടുകയുമായിരുന്നു. തങ്ങൾ ഇന്നും അതേ പ്രദേശത്ത് തന്നെയാണ് ജീവിക്കുന്നതെന്നും ഫോമുകൾ കൃത്യമായി പൂരിപ്പിച്ചു നൽകിയിട്ടും തങ്ങളെ 'സ്ഥലം മാറിപ്പോയവർ' (Shifted) എന്ന വിഭാഗത്തിൽപ്പെടുത്തി ഒഴിവാക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ഒഴിവാക്കപ്പെട്ടവരിൽ 632 പേരെയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, പ്രദേശത്തിന്റെ ഘടനയിലും താമസസ്ഥിതിയിലും വന്ന മാറ്റങ്ങളാണ് പേരുകൾ ഒഴിവാക്കാൻ കാരണമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 2022-23 കാലയളവിൽ ഇവിടെയുണ്ടായിരുന്ന വീടുകൾ പൊളിച്ചുനീക്കിയിരുന്നതായും, നിലവിലില്ലാത്തവരും സ്ഥലം മാറിപ്പോയവരും മരിച്ചവരുമായ ആളുകളെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ വീടുകൾ തകർത്തശേഷവും അതിനടുത്തായി താൽക്കാലിക ഷെഡ്ഡുകൾ കെട്ടിയാണ് ജീവിക്കുന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ഭിന്നതകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനം.