കൊച്ചി: വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് മുഖമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് പോലീസ് വീണ്ടും നോട്ടീസ് നൽകി. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്ഥലത്തില്ലെന്നും സാവകാശം വേണമെന്നും ആവശ്യപ്പെട്ട് ആന്റോ ഹാജരായിരുന്നില്ല. എന്നാൽ കൂടുതൽ സമയം നൽകാനാവില്ലെന്ന നിലപാടിലാണ് പോലീസ്. ഇനിയും ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനിൽ നിന്ന് വ്യാജരേഖകളുമായി സമീപിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ അടക്കം പോലീസിന് കണ്ടെത്തേണ്ടതുണ്ട്. കേസിൽ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരാണെന്നാണ് എഫ്.ഐ.ആറിലുള്ളത്.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ വി.ഡി. സതീശന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ ആന്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയിരുന്നു. കോടികൾ വിലയുള്ള വാർത്തയെന്ന് പറഞ്ഞാണ് അവർ സമീപിച്ചതെന്നും എന്നാൽ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് കെ.പി.സി.സി. മാധ്യമ വക്താവ് രാജു പി. നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയത്. ഡി.ജി.പിയുടെ നിർദേശപ്രകാരം തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ഇത്തരം ഗുരുതര സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസിനെയോ സർക്കാരിനെയോ അറിയിക്കാതിരുന്ന ആന്റോ അഗസ്റ്റിന്റെ നടപടി സംശയാസ്പദമാണ്. ആന്റോയുടെ കയ്യിലുള്ള വ്യാജരേഖകൾ, റിപ്പോർട്ടർ ടി.വി. ഓഫീസിൽ ഇവർ വന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ, ഹാർഡ് ഡിസ്‌ക് എന്നിവ കസ്റ്റഡിയിലെടുക്കണമെന്നും പരാതിയിലുണ്ട്. മുൻപ് അർജന്റീനിയൻ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിനു പിന്നാലെയാണ് ആന്റോ അഗസ്റ്റിനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്
വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് മുഖമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് പോലീസ് വീണ്ടും നോട്ടീസ് നൽകി. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ...